ഡിസംബർ ഒന്നിന് കേരളോത്സവത്തിന് അരങ്ങുണരും
text_fieldsദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹിക, സാംസ്കാരിക കൂട്ടായ്മയായ ‘ഓർമ’ സംഘടിപ്പിക്കുന്ന ‘കേരളോത്സവം 2024’ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. വൈകീട്ട് നാലു മുതൽ ദുബൈ ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടികൾ.
ഡിസംബർ ഒന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ നർത്തകിയും സിനിമ താരവുമായ മേതിൽ ദേവിക മുഖ്യാതിഥിയാകും. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയും ദുബൈ സർക്കാർ പ്രതിനിധികളും പങ്കെടുക്കും.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന മേളം, യുവ ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ, സിതാര കൃഷ്ണകുമാർ, സ്റ്റാർ സിങ്ങർ വിജയി അരവിന്ദ് നായർ എന്നിവർ ഒരുക്കുന്ന സംഗീതനിശ എന്നിവ അരങ്ങേറും.
നൂറോളം വർണക്കുടകൾ ഉൾപ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവും ഇത്തവണ ശ്രദ്ധേയമാവും. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ പൂക്കാവടികൾ, തെയ്യം, കാവടിയാട്ടം, നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങൾ വർണ വിസ്മയമൊരുക്കും. തെരുവുനാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗംകളി കോൽക്കളി, പൂരക്കളി, സംഗീത ശിൽപം, സൈക്കിൾ യജ്ഞം, ഡാൻസ് തുടങ്ങിയ നൃത്ത-നാടൻ-കലാരൂപങ്ങൾ അണിനിരക്കും.
വിവിധ ഭക്ഷണശാലകൾ, തട്ടുകടകൾ തുടങ്ങിയവയും ഉത്സവപ്പറമ്പിൽ ഉണ്ടാകും. സാഹിത്യ സദസ്സിനോടനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, പുസ്തകശാല, കവിയരങ്ങ്, പ്രശ്നോത്തരികൾ, തത്സമയ പെയിന്റിങ്, ചരിത്ര-പുരാവസ്തു പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
മലയാളം മിഷൻ, പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയാനായി നോർക്ക, പ്രവാസി ക്ഷേമനിധി, കെ.എസ്.എഫ്.ഇ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. സംഘാടക സമിതി ഭാരവാഹികളായ ഒ.വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, പ്രദീപ് തോപ്പിൽ, അനീഷ് മണ്ണാർക്കാട്, ഷിഹാബ് പെരിങ്ങോട്, ജിജിത അനിൽകുമാർ, ലിജിന കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.