കേരളോത്സവത്തിന് ദുബൈയിൽ അരങ്ങൊരുങ്ങി
text_fieldsകേരളോത്സവം സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദുബൈ: യു.എ.ഇയുടെ 54ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ‘ഓർമ’ സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ 1, 2 തീയതികളിൽ ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഒന്നാം തീയതി വൈകീട്ട് നാലു മണി മുതൽ പരിപാടികൾ അരങ്ങേറും. വൈകീട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, ബിസിനസ് പ്രമുഖർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിധികൾ, ദുബൈ സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഓർമ വാദ്യസംഘം അവതരിപ്പിക്കുന്ന മേളവും 500ഓളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയും യുവഗായകർ അണിനിരക്കുന്ന മസാല കോഫി ബാൻഡിന്റെ സംഗീത പരിപാടിയുമാണ് ആദ്യ ദിവസം. വിധു പ്രതാപും രമ്യ നമ്പീശനും പങ്കെടുക്കുന്ന സംഗീത നിശ, രാജേഷ് ചേർത്തലയുടെ വാദ്യ മേള ഫ്യൂഷൻ എന്നിവ രണ്ടാം ദിവസവും നടക്കും. നൂറോളം വർണക്കുടകൾ ഉൾപ്പെടുത്തിയുള്ള കുടമാറ്റവും ആനച്ചമയം, സാംസ്കാരിക ഘോഷയാത്ര, പൂക്കാവടികൾ, തെയ്യം, കാവടിയാട്ടം, നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങൾ വർണവിസ്മയമൊരുക്കും.
ഉത്സവ നഗരിയിലെ സാഹിത്യ സദസ്സിൽ എഴുത്തുകാരും വായനക്കാരും സംവദിക്കും. പുസ്തകശാല, കവിയരങ്ങ്, പ്രശ്നോത്തരികൾ, പ്രമുഖ ചിത്രകാരന്മാരുടെ തത്സമയ പെയിന്റിങ്, ചരിത്ര പുരാവസ്തു പ്രദർശനങ്ങൾ എന്നിവയും അരങ്ങേറും. നോർക്ക, പ്രവാസി ക്ഷേമനിധി, നോർക്ക കെയർ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും കെ.എസ്.എഫ്.ഇ സ്റ്റാളുകളും ഉത്സവപ്പറമ്പിൽ ഒരുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്. പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് മെംബർ എൻ.കെ. കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, പ്രസിഡന്റ് ഡോ. നൗഫൽ പട്ടാമ്പി, കേരളോത്സവം ജനറൽ കൺവീനർ അനീഷ് മണ്ണാർക്കാട്, ഓർമ വൈസ് പ്രസിഡന്റ് ജിജിത അനിൽകുമാർ, കേരളോത്സവം വൈസ് ചെയർമാൻ സി.കെ. റിയാസ്, ഓർമ സെക്രട്ടറി അംബുജാക്ഷൻ, ഒ ഗോൾഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ ഡോ. ഫഹ്മി ഇസ്കന്ദർ, ബോട്ടിങ് റെമിറ്റൻസ് മാനേജർ ഖൈസ് ബദറുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ
പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

