കേരള എൻട്രൻസ്: ദുബൈ മോഡൽ സ്കൂൾ പരീക്ഷകേന്ദ്രം
text_fieldsദുബൈ: കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷ (കീം) സെന്ററായി ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിനെ നിശ്ചയിച്ചതായി സംസ്ഥാന എൻട്രൻസ് പരീക്ഷ കമീഷണർ അറിയിച്ചു. ഇതുസംബന്ധിച്ച നിർദേശം ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലിന് എൻട്രൻസ് എക്സാം കമീഷണർ കൈമാറി. ഗൾഫിലെ ഏക പരീക്ഷകേന്ദ്രമാണിത്. കഴിഞ്ഞ വർഷവും മോഡൽ സ്കൂളിൽ തന്നെയായിരുന്നു പരീക്ഷ. മേയ് 17നാണ് പരീക്ഷ. 440 പേരാണ് പരീക്ഷയെഴുതാൻ യു.എ.ഇയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവിധ ഗൾഫ് രാജ്യങ്ങളിലുള്ളവർ ഇതിൽ ഉൾപ്പെടും. രാവിലെ 10 മുതൽ 12.30 വരെ ഫിസിക്സും കെമിസ്ട്രിയും ഉച്ചക്ക് 2.30 മുതൽ വൈകീട്ട് അഞ്ചുവരെ മാത്തമാറ്റിക്സുമാണ് പരീക്ഷ. നടത്തിപ്പുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി തിരുവനന്തപുരം എൻട്രൻസ് കമീഷണർ ഓഫിസിലെ ആറ് ഉദ്യോഗസ്ഥർ അടുത്തയാഴ്ച ദുബൈയിലെത്തും.

