കച്ചമുറുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ദുബൈയിൽ
text_fieldsദുബൈ: പുതിയ സീസണ് കച്ചമുറുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ടീം ബുധനാഴ്ച ദുബൈയിലെത്തും. 20 മുതൽ 28 വരെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ നടക്കുന്നത്. രാവിലെ 11ന് ദുബൈ വിമാനത്താവളത്തിലെത്തുന്ന ടീം രാത്രി തന്നെ പരിശീലനത്തിനിറങ്ങും. ദുബൈ അൽ നസ്ർ ക്ലബിലാണ് പരിശീലനം. കോച്ച് ഇവാൻ വുകുമനോവിച്ചിന്റെ നേതൃത്വത്തിൽ ഫുൾ ടീമാണ് ബൂട്ട് കെട്ടുന്നത്. പ്രവാസമണ്ണിലേക്ക് ബ്ലാസ്റ്റേഴ്സ് എത്തുമ്പോൾ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ് മലയാളികൾ.
മൂന്ന് മത്സരത്തിനും പ്രവേശന പാസുണ്ട്. 20ന് ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിൽ അൽ നസ്ർ ക്ലബിനെതിരായാണ് ആദ്യ മത്സരം. 25ന് ദിബ്ബ ക്ലബ്, 28ന് ഹത്ത എഫ്.സി എന്നിവയെയും നേരിടും. സ്പോർട്സ് ടൂറിസം കമ്പനിയായ 'എച്ച് 16' ആണ് ബ്ലാസ്റ്റേഴ്സിനെ യു.എ.ഇയിൽ എത്തിക്കുന്നത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, കെ.പി. രാഹുൽ, പ്രശാന്ത്, ബിജോയ് വർഗീസ് തുടങ്ങിയവരുമുണ്ടാകും. പരീക്ഷണ മത്സരമായതിനാൽ പ്രധാന താരങ്ങളെയെല്ലാം കളത്തിലിറക്കിയായിരിക്കും മത്സരം. ഗാലറിക്ക് ആവേശം പകരാൻ മഞ്ഞപ്പട ഫാൻസുമുണ്ടാവും. എല്ലാ മത്സരവും രാത്രിയാണ്.

