കരുണയുടെ ചിറകിലേറി കാത്തിയ ചികിത്സക്കായി ദുബൈയിലെത്തി
text_fieldsദുബൈ: സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച എട്ടു മാസം പ്രായമുള്ള ജോർദാനിയൻ പെൺകുട്ടി കാത്യ അബു അൽ സൗദ് തുടർചികിത്സക്കായി ദുബൈ അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. കുട്ടിക്ക് ആവശ്യമായ അടിയന്തര ചികിത്സ ഉടൻ ലഭ്യമാക്കുമെന്ന് കുട്ടിയുടെ അമ്മ നൂർ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് കാത്യയുടെ മുഴുവൻ ചികിത്സാ ചെലവുകളും ഏറ്റെടുത്തത്. ഈ തീരുമാനത്തിന് പിന്നാലെയാണ് ചികിത്സക്കായി കാത്യ ദുബായിലെത്തിയത്.
‘ദുബൈയിലേക്ക്... ദൈവാനുഗ്രഹത്താൽ ഞാനും കാത്യയും ചികിത്സക്കായി യാത്ര തിരിക്കുകയാണ്. ഞങ്ങളെ പിന്തുണക്കുകയും ചികിത്സാ ചെലവുകൾ പൂർണമായി ഏറ്റെടുക്കുകയും ചെയ്ത ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു’ എന്ന് പുറപ്പെടുംമുമ്പ് നൂർ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഏകദേശം 24 ലക്ഷം യു.എസ് ഡോളർ (88 ലക്ഷം ദിർഹം) ചെലവ് വരുന്നതാണ് ഈ ചികിത്സ. കുട്ടിയുടെ രോഗം ഭേദമാക്കുന്നതിനാവശ്യമായ ചികിത്സ ജോർദാനിൽ ലഭ്യമല്ലെന്നും അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റൽ മാത്രമാണ് തങ്ങളുടെ പ്രതീക്ഷയെന്നും മാതാവ് മുമ്പ് സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

