‘കാർത്തിക നക്ഷത്രക്കൂട്ട’മെത്തുന്നു; രാജ്യം കടുത്ത വേനലിലേക്ക്
text_fieldsഅബൂദബി: പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ കാർത്തിക നക്ഷത്രസമൂഹം ഉദിച്ചുയരുന്നതോടെ യു.എ.ഇയിൽ കടുത്ത വേനൽക്കാലത്തിന് ഇന്ന് തുടക്കമാകും. കാർത്തിക നക്ഷത്രക്കൂട്ടമെത്തുന്നതോടെ രാജ്യത്ത് താപനില വീണ്ടും ഉയരും. ഇന്ന് യു.എ.ഇയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എങ്കിലും കിഴക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടാനും ഉച്ചകഴിഞ്ഞ് അത് മഴമേഘങ്ങളായി മാറാനും സാധ്യതയുണ്ട്.
രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കും. മഞ്ഞിനോ പുകമഞ്ഞിനോ സാധ്യതയുണ്ടാവും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 35 കിലോമീറ്റർ വേഗതയിലും തെക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. ഞായറാഴ്ച രാജ്യത്തുടനീളം താപനില കുത്തനെ ഉയരും. പ്രധാന നഗരങ്ങളിലെ ഉയർന്ന താപനില താഴെ പറയുന്ന രീതിയിലായിരിക്കും: അൽ ഐൻ: 45 ഡിഗ്രി സെൽഷ്യസ്, അബൂദബി: 42 ഡിഗ്രി സെൽഷ്യസ്, റാസൽഖൈമ: 41 ഡിഗ്രി സെൽഷ്യസ്, ദുബൈ: 40 ഡിഗ്രി സെൽഷ്യസ്, ഫുജൈറ: 39 ഡിഗ്രി സെൽഷ്യസ്.
രാജ്യത്ത് ഇത്തവണ വേനൽച്ചൂട് കടുക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. പതിവിലും നേരത്തേ വേനൽച്ചൂടെത്തിയ യു.എ.ഇയിൽ പതിയെ ചൂട് അതിന്‍റെ പാരമ്യത്തിലെത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു.
‘അല്‍ ഥുറയ്യ' അഥവാ കാര്‍ത്തിക നക്ഷത്രക്കൂട്ടം
‘അല്‍ ഥുറയ്യ' എന്ന അറബി പദത്തിന് അര്‍ഥം സമൃദ്ധി, ഔന്നത്യം എന്നൊക്കെയാണ്. അറബ് സംസ്‌കാരത്തിലും ജ്യോതിശാസ്ത്രത്തിലും വളരെ പ്രാധാന്യമുള്ളതാണ് ഈ പേര്. അല്‍ ഥുറയ്യ അഥവാ പ്ലയാഡീസ് സ്റ്റാര്‍ ക്ലസ്റ്റര്‍ (കാര്‍ത്തിക നക്ഷത്രസമൂഹം) രാജ്യത്തിന്‍റെ കിഴക്കന്‍ ചക്രവാളത്തില്‍ ദൃശ്യമായിരിക്കുന്നു. അതായത്, യു.എ.ഇ. കടുത്ത വേനലിലേക്ക് കടക്കുകയാണ് എന്നതാണ് ഈ നക്ഷത്ര സമൂഹം ദൃശ്യമാവുന്നതോടെ വ്യക്തമാവുന്നത്.
ജൂൺ ഏഴിന് പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ കാർത്തിക നക്ഷത്രസമൂഹം ദൃശ്യമാകുന്നത് കടുത്ത വേനൽച്ചൂടിന്‍റെ വരവിനെയാണ് സൂചിപ്പിക്കുന്നതെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. ‘കാർത്തികയുടെ ഉദയം’ എന്നറിയപ്പെടുന്ന ഈ കാലയളവ് ജൂൺ ഏഴു മുതൽ ജൂൺ 19 വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

