കര്‍മശ്രേഷ്ഠ പുരസ്കാരം ടി.എ. അഹമ്മദ് കബീറിന്
text_fieldsടി.എ. അഹമ്മദ് കബീർ
ദുബൈ: ദുബൈ കെ.എം.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ 2024 വര്‍ഷത്തെ ‘ഖാഇദുല്‍ ഖൗം’ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനവും കര്‍മശ്രേഷ്ഠ പുരസ്കാര സമര്‍പ്പണവും ഞായറാഴ്ച വൈകുന്നേരം ആറിന് ദുബൈ ഖിസൈസിലെ ക്രസന്റ് ഇംഗ്ലീഷ് സ്കൂളില്‍ നടക്കും.
മുന്‍ എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ ടി.എ അഹമ്മദ് കബീറാണ് പുരസ്കാര ജേതാവ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എൽ.എ, ഡോ. എം.കെ മുനീര്‍ എം.എൽ.എ, കെ.എം ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും.
മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എൽ.എ ചെയര്‍മാനായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറിയും പി.എസ്.സി മുന്‍ അംഗവുമായ ടി.ടി ഇസ്മായില്‍, സയ്യിദ് ഹുസൈന് ബാഫഖി എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
വാഗ്മിയും എഴുത്തുകാരനുമായ അഹമ്മദ് കബീര്‍ എറണാകുളം സ്വദേശിയും മുന്‍ മങ്കട എം.എൽ.എയുമാണ്. എം.എസ്.എഫിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച അഹമ്മദ് കബീര്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍, സംസ്ഥാന സെക്രട്ടറി, എറണാകുളം ജില്ല പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.
രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സമർപ്പിച്ച സംഭാവനകളും അബ്ദുറഹിമാന് ബാഫഖി തങ്ങളെയും ദര്‍ശനങ്ങളെയും പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കിയതിലും വഹിച്ച പങ്ക് മുന്‍നിര്‍ത്തിയാണ് അഹമ്മദ് കബീറിന് പുരസ്കാരം നല്‍കുന്നത്. പുരസ്കാര സമര്‍പ്പണ പരിപാടിയില്‍ ദുബൈയിലെ സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

