കരിപ്പൂര്‍ അവഗണന: ഗള്‍ഫില്‍ പ്രതിഷേധം ശക്തം
text_fieldsദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ പ്രവാസലോകത്ത് പ്രതിഷേധം ചൂടുപിടിക്കുന്നു. റണ്‍വേ ബലപ്പെടുത്തലിന്‍െറ പേരില്‍ ഒന്നരവര്‍ഷം മുമ്പ് വലിയ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ഡവലപ്മെന്‍റ് ഫോറം (എം.ഡി.എഫ്) ഈ മാസം അഞ്ചിന് നടത്തുന്ന ‘സേവ് കരിപ്പൂര്‍’ പാര്‍ലമെന്‍റ് മാര്‍ച്ചിന് മുന്നോടിയായി വിദേശ രാജ്യങ്ങളില്‍ നടക്കുന്ന കാമ്പയിനില്‍ വലിയ ജനരോഷമാണ് പ്രകടമാകുന്നത്.
ഗള്‍ഫില്‍ മാത്രമല്ല അമേരിക്കയിലും യുറോപ്പിലും വരെ മലബാര്‍ പ്രവാസികളുടെ ആഭിമുഖ്യത്തില്‍ യോഗങ്ങളും ഐക്യദാര്‍ഢ്യ സംഗമങ്ങളും പ്രതിഷേധകൂട്ടായ്മകളും നടക്കുകയാണ്. തുടക്കത്തില്‍ പാര്‍ലമെന്‍റ് മാര്‍ച്ചിനോട് മുഖം തിരിഞ്ഞുനിന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജനവികാരം മനസ്സിലാക്കി മാര്‍ച്ചിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 2015 മെയ് ഒന്നിന് റണ്‍വേ ബലപ്പെടുത്തുന്നതിന്‍െറ ഭാഗമായി താല്‍ക്കാലികമായി നിര്‍ത്തിയ വലിയ വിമാനങ്ങളുടെ സര്‍വീസ് അകാരണമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് എന്നത്തേക്കുമായി ഇല്ലാതാക്കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നതെന്നാണ് പ്രധാന ആരോപണം.
റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയാവുകയും വിമാനകമ്പനികള്‍ സുരക്ഷാ പരിശോധന നടത്തി സര്‍വീസ് നടത്താന്‍ തയാറാവുകയും ചെയ്തിട്ടും ഡല്‍ഹിയില്‍ നിന്ന് അനുകൂല തീരുമാനം വന്നിട്ടില്ല. റണ്‍വേ നീളം കൂട്ടിയാല്‍ മാത്രമേ വലിയ വിമാനങ്ങളെ അനുവദിക്കൂ എന്ന വാശിയിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. കരിപ്പൂരിനേക്കാള്‍ നീളം കുറഞ്ഞ റണ്‍വേയുള്ള ലക്നോ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുമ്പോള്‍ കരിപ്പൂരില്‍ വിലക്കേര്‍പ്പെടുത്തുന്നത് സ്വകാര്യ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന ആരോപണത്തിന് മറുപടിയില്ല.
എയര്‍ ഇന്ത്യ, എമിറേറ്റ്സ്, സൗദിയ തുടങ്ങിയ വിമാനക്കമ്പനികള്‍ 300 ലേറെ പേര്‍ക്ക് കയറാവുന്ന വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയതോടെ മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ യാത്രാദുരിതത്തിലാണ്. തിരക്കേറിയ സീസണില്‍ ടിക്കറ്റ് ലഭിക്കാതെയും അമിത നിരക്ക് നല്‍കിയും പ്രയാസപ്പെടുകയാണ്. ദിവസം 2500 ലേറെ സീറ്റുകളാണ് കുറവ് വന്നിരിക്കുന്നത്. വലിയ വിമാനങ്ങള്‍ ഇല്ലാതായതോടെ ഹജ്ജ് സര്‍വീസും രണ്ടു വര്‍ഷമായി നെടുമ്പാശ്ശേരിയില്‍ നിന്നാണ് നടത്തുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ഒരു സാങ്കേതിക തടസ്സവുമില്ളെന്നും ചിലരുടെ കുത്സിത താല്പര്യങ്ങളാണ് പ്രവാസികളെ ഉള്‍പ്പെടെയുള്ളവരെ കഷ്ടപ്പെടുത്തുന്നതിന് പിന്നിലെന്നും എം.ഡി.എഫ് പ്രസിഡന്‍റ് കെ.എം.ബഷീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 16 വര്‍ഷം കരിപ്പൂരിലേക്ക് സര്‍വീസ് നടത്തിയ കോഡ് ഇ യില്‍പ്പെട്ട വലിയ വിമാനങ്ങള്‍ ഇനി ഇറങ്ങാനാകില്ളെന്ന് പറയുന്നത് കരിപ്പൂരിനെ ഇല്ലാതാക്കാന്‍ വേണ്ടിതന്നെയാണ്. വലിയ വിമാനങ്ങളായ എയര്‍ബസ് 330, ബോയിങ് 787 വിമാനങ്ങള്‍ക്ക് 6,000 അടി റണ്‍വേ മതി. നിലവിലെ റണ്‍വേ 9385 അടിയാണ്. ഇത് 12,000 അടി ആക്കണമെന്നാണ് പറയുന്നത്്. ഇതിന് 485 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. അതിനെതിരെ ജനകീയ പ്രക്ഷോഭവും നടക്കുന്ന സാഹചര്യത്തില്‍ റണ്‍വേ നീളംകൂട്ടല്‍ എളുപ്പമല്ളെന്ന് അറിയുന്നവര്‍ തന്നെയാണ് ഇതിനായി വാശിപിടിക്കുന്നതെന്ന് ബഷീര്‍ പറഞ്ഞു.
റണ്‍വേ നീളംകുട്ടുന്നത് വരെ കാത്തിരിക്കാതെ ഒന്നര വര്‍ഷം മുമ്പത്തെ അവസ്ഥ പുന:സ്ഥാപിക്കണമെന്നാണ് മലബാര്‍ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്. ഇവിടെ നിന്നുള്ള 98 ശതമാനം സര്‍വീസുകളും ഗള്‍ഫിലേക്കാണ്. 26 ലക്ഷം യാത്രക്കാരാണ് പ്രതിവര്‍ഷം ഇതുവഴി യാത്രചെയ്യുന്നത്. ബലപ്പെടുത്തലിന് ശേഷം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റണ്‍വേകളിലൊന്നാണ് കരിപ്പൂരിലേതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നെടുമ്പാശ്ശേരി, വരാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് ലാഭം വര്‍ധിപ്പിക്കാന്‍ കരിപ്പൂരിനെ ഇല്ലാതാക്കള്‍ ചിലരുടെ ആവശ്യമാണെന്നും അതിന് ഉദ്യോഗസ്ഥലോബി കൂട്ടുനില്‍ക്കുകയാണെന്നുമാണ് എം.ഡി.എഫ് ആരോപിക്കുന്നത്. വിമാനവരവ് കുറഞ്ഞത് മലബാറിലെ ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളെ ബാധിച്ചിട്ടുണ്ട്. പച്ചക്കറി കയറ്റുമതി നിലച്ചത് വ്യാപാരികള്‍ക്കും നിരവധി കൂടുംബങ്ങള്‍ക്കും തിരിച്ചടിയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന നാലാമത്തെ വിമാനത്താവളമായിരുന്ന കരിപ്പൂരിന്‍െറ തകര്‍ച്ച എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്.
പാര്‍ലമെന്‍റ് മാര്‍ച്ച് മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്‍റണിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. തലേന്ന് ഡിസംബര്‍ നാലിന് ഡല്‍ഹിയില്‍ സേവ് കരിപ്പൂര്‍ ഗ്ളോബല്‍ കണ്‍വെന്‍ഷനുമുണ്ട്.
മാര്‍ച്ചിന് സാമൂഹിക മാധ്യമങ്ങള്‍ വഴി ഓഡിയോ- വീഡിയോ പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഡല്‍ഹിയിലേക്ക് പോകാനൊരുങ്ങുകയാണ്. ദുബൈയില്‍ നിന്ന് 70 അംഗ സംഘം നാളെ പുറപ്പെടുമെന്ന് കണ്‍വീനര്‍ എ.കെ.ഫൈസല്‍ പറഞ്ഞു.
അതിനിടെ ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പാര്‍ലമെന്‍റംഗങ്ങളും കേരള സര്‍ക്കാരും ഇടപെട്ടതോടെ റണ്‍വേ പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ അയക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
