കൽബ ഹെറിറ്റേജ് മാർക്കറ്റ് വീണ്ടും തുറന്നു
text_fieldsകൽബ ഹെറിറ്റേജ് മാർക്കറ്റ് ഉദ്ഘാടനശേഷം ഷാർജ ഭരണാധികാരി വാഹനത്തിൽ ചുറ്റി
സന്ദർശിക്കുന്നു
ഷാർജ: ഷാർജ അതിപുരാതനമായ കൽബ ഹെറിറ്റേജ് മാർക്കറ്റ് പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കിയശേഷം വീണ്ടും തുറന്നു. ശനിയാഴ്ച രാവിലെ നടന്ന പ്രൗഢമായ ചടങ്ങിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശൈഖ് സഈദ് ബിൻ ഹമദ് അൽ ഖാസിമി റോഡിന്റെ ഇരുഭാഗങ്ങളിലായി ഖ്വാല ഏരിയയിലാണ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.
ഖോർഫുക്കാനിലെ ഭരണാധികാരിയുടെ ഓഫിസ് ഡെപ്യൂട്ടി തലവന്മാരായ ശൈഖ് സഈദ് ബിൻ സഖർ അൽ ഖാസിമി, ശൈഖ് ഹൈതം ബിൻ സഖർ അൽ ഖാസിമി എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്ഘാടന പരിപാടികൾക്കായി സുൽത്താനെ സ്വീകരിച്ചത്. ഷാർജയിലെ വളരെ പ്രശസ്തമായ കൽബ മാർക്കറ്റിൽ രണ്ടു നിരകളിലായി 140 ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവയുടെ മുൻഭാഗങ്ങൾ നഗരത്തിന്റെ പരമ്പരാഗത നഗരശൈലിക്ക് അനുസൃതമായി ഒരു പൈതൃക മുദ്രയോടെയാണ് നിർമിച്ചിരിക്കുന്നത്. എല്ലാ കടകൾക്കും മുന്നിൽ 570 മീറ്റർ നീളത്തിൽ രണ്ട് വ്യത്യസ്ത രീതിയിലുള്ള മരവും പ്ലാസ്റ്ററും വാസ്തുവിദ്യ സ്വഭാവമുള്ള കമാനങ്ങളും ഒരു ഹെറിറ്റേജ് ആർക്കേഡും നിർമിച്ചിട്ടുണ്ട്. ശൈഖ് സഈദ് ബിൻ ഹമദ് സ്ട്രീറ്റിന് കിഴക്ക് 120 മീറ്റർ നീളത്തിലും തെരുവിന്റെ പടിഞ്ഞാറ് ഭാഗത്ത് 470 മീറ്റർ നീളത്തിലും പൈതൃക വിപണിയെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പരിസരങ്ങളിലായി ഒരുക്കിയിട്ടുള്ള 473 പാർക്കിങ് ഇടങ്ങൾ സന്ദർശകർക്ക് മാർക്കറ്റിലേക്ക് പ്രവേശനം സുഖമമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

