Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകടലിനെ ആസ്വദിക്കാൻ കൽബ...

കടലിനെ ആസ്വദിക്കാൻ കൽബ ബീച്ച്

text_fields
bookmark_border
കടലിനെ ആസ്വദിക്കാൻ കൽബ ബീച്ച്
cancel
Listen to this Article

പ്രകൃതി മനോഹരവും ശാന്തസുന്ദരവുമായ യു.എ.ഇയിലെ പ്രദേശമാണ്​ കൽബ. ഷാർജ എമിറേറ്റിന്‍റെ ഭാഗമായ ഇവിടം വികസിച്ചുവരുന്ന ഇക്കോടൂറിസത്തിന്‍റെ രാജ്യത്തെ ഏറ്റവും ആകർഷകമായ സ്ഥലമാണ്. യു.എ.ഇയുടെ ദേശീയ മൃഗമായ അറേബ്യൻ ഓറിക്‌സിനെ കാണാൻ ഇവിടെയെത്തുന്നവരുണ്ട്​. അതുപോലെ ബൈത്ത് ശൈഖ്​ സയീദ് ബിൻ ഹമദ് അൽ ഖാസിമി മ്യൂസിയം, പുനർനിർമിച്ച കോട്ട തുടങ്ങിയവയും ഇവിടുത്തെ ശ്രദ്ധേയമായ കേന്ദ്രങ്ങളാണ്​. വന്യജീവി-പൈതൃക പ്രേമികൾ സന്ദർശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ട്രക്കിങ്​, കയാക്കിങ്​, സ്കൂബ ഡൈവിങ്​ എന്നിവക്കും സൗകര്യമുണ്ട്​.

എന്നാൽ ശാന്തവും സുന്ദരവുമായ ഇവിടുത്തെ കടൽതീരമാണ്​ ഏറ്റവും ആകർഷകം​. 9കിലോമീറ്ററിലധികം വിസ്തൃതിയുള്ള കൽബ ബീച്ചിൽ വേനൽകാലത്ത്​ നിരവധി സഞ്ചാരികളാണ്​ വന്നുചേരുന്നത്​. വന്യജീവികൾ നിറഞ്ഞ കണ്ടൽക്കാടായ ഖോർ കൽബ കൺസർവേഷൻ റിസർവിന് തൊട്ടപ്പുറത്താണ്​ ബീച്ച്​ സ്ഥിതി ചെയ്യുന്നത്​. അപൂർവ ജീവികൾ എത്തിച്ചേരുന്ന ഇവിടം ഹോക്‌സ്‌ബിൽ ആമകളുടെ ഒരു പ്രധാന കൂടുകെട്ടൽ കേന്ദ്രമാണ്.

വംശനാശഭീഷണി നേരിടുന്ന അറേബ്യൻ കോളർ കിംങ്​ഫിഷർ പക്ഷികളുടെ യു.എ.ഇയിലെ ഏക പ്രജനന കേന്ദ്രം കൂടിയാണ്​ കൽബ റിസർവ്​. ഇതിന്​ സമീപത്തെ ബീച്ച്​ ഭാഗം മൽസ്യബന്ധ പ്രദേശമായതിനാൽ ധാരാളം പ്രദേശിക മൽസ്യത്തൊഴിലാളികളെയും അവരുടെ പ്രവർത്തനങ്ങളും കാണാനാകും. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വാദ്യകരമായ സ്കൂബ ഡൈവിങ്​ ഇവിടെയെത്തുന്നവർക്ക്​ ആസ്വദ്യകരമാണ്​. ഷാർജയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തിരക്ക്​ കുറഞ്ഞ സ്ഥലം കൂടിയാണിത്​.

ആഴം കുറഞ്ഞ കടലിന്‍റെ തീരത്തോടടുത്ത ഭാഗത്തെ തിളക്കമുള്ള വെള്ളം ഏതൊരാളെയും ഇറങ്ങിക്കുളിക്കാൻ കൊതിപ്പിക്കുന്നതാണ്​. ബീച്ചിൽ സ്വസ്ഥമായി കുളിക്കാൻ എത്തുന്നവർക്ക്​ എല്ലാ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്​. സദാസമയവും ജാഗരൂകരായ ലൈഫ്​ ഗാർഡുമാരും സുരക്ഷാ ജീവനക്കാരും ഇവിടെയുണ്ട്​. ആഴം കുറഞ്ഞ ഭാഗങ്ങൾ അടയാളപ്പെടുത്തുകയും അതിരുകളിൽ ​സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്​.

വലിയ സംവിധാനങ്ങളോടെ രൂപപ്പെടുത്തിയ കൽബ ബീച്ച്​ കോർണിഷ്​ കഴിഞ്ഞ വർഷമാണ്​ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി ഉദ്​ഘാടനം ചെയ്തത്​. വിനോദസഞ്ചാരികൾക്ക്​ ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായാണ്​ കോർണിഷ്​ വിപുലീകരിച്ചത്​. കോർണിഷിന്​ മനോഹാരിത പകർന്ന്​ നൂറുക്കണക്കിന്​ ഈത്തപ്പനകൾ തീരത്ത്​ നട്ടുപിടിപ്പിച്ചിട്ടണ്ട്​. ഇതടങ്ങുന്ന ഭാഗം പച്ചപ്പുൽ വിരിച്ച്​ പാർക്കായി രൂപപ്പെടുത്തിയത്​ കുട്ടികൾക്കും മുതിർന്നവർക്കും വിനോദങ്ങളിലേർപ്പെടാൻ സൗകര്യമാണ്​. കുട്ടികൾക്ക്​ പ്രത്യേകമായ മറ്റു വിനോദ സൗകര്യങ്ങളുമുണ്ട്​. ഒരു സർവീസ് റോഡിന് പുറമേ കോർണിഷ് റോഡിലേക്ക് ഒരു അധിക പാത, 3,000 കാറുകൾ പാർക്ക്​ ചെയ്യാൻ സൗകര്യം എന്നിവയുമുണ്ട്​.

പാർക്കിങിൽ 82 എണ്ണം നിശ്ചയദാർഢ്യ വിഭാഗക്കാർക്ക്​ സംവരണം ചെയ്തിട്ടുമുണ്ട്​. കോർണിഷിൽ 7.6 കിലോമീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള റണ്ണിങ്​ ട്രാക്കും കടലിനഭിമുഖമായി ഇരിക്കുന്നതിന്​ ബെഞ്ചുകളും ഉണ്ട്. വേനൽകാലത്തെ ഒഴിവുദിനങ്ങൾ ആസ്വദ്യകരമാക്കാൻ കുടുംബങ്ങൾക്കും സുഹൃദ്​വൃന്ദങ്ങൾക്കും ഏറ്റവും അനുയോജ്യമായൊരിടമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalba Beach to enjoy the sea
Next Story