‘കലയാൻ’ ആഘോഷത്തിൽ സേവനങ്ങൾ പരിചയപ്പെടുത്തി ജി.ഡി.ആർ.എഫ്.എ
text_fieldsകലയാൻ ആഘോഷത്തിൽ കാർട്ടൂൺ കഥാപാത്രങ്ങളായ ‘സാലി’മും ‘സലാമ’യും സന്ദർശകർക്കൊപ്പം
ദുബൈ: ഫിലിപ്പീൻസിന്റെ 127ാമത് സ്വാതന്ത്ര്യ ദിനാഘോഷമായ ‘കലയാൻ 2025’ ആഘോഷത്തിൽ ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) വിവിധ സേവനങ്ങൾ പരിചയപ്പെടുത്തി. യു.എ.ഇയിൽ അധിവസിക്കുന്ന വിവിധ രാജ്യക്കാരുമായി മികച്ച സാംസ്കാരിക ബന്ധം സ്ഥാപിക്കുന്നതിനും ദുബൈയിലെ വിവിധ വിസ, സ്മാർട്ട് സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു പരിപാടി. യു.എ.ഇ പ്രഖ്യാപിച്ച ‘ഇയർ ഓഫ് കമ്യൂണിറ്റി 2025’യുടെ ഭാഗമായാണ് ജി.ഡി.ആർ.എഫ്.എ ആഘോഷത്തിൽ പങ്കെടുത്തത്.
യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ആഘോഷത്തിൽ 30,000 ത്തിലധികം ഫിലിപ്പീൻസ് സ്വദേശികൾ പങ്കെടുത്തു. പ്രത്യേകം സജ്ജീകരിച്ച പവിലിയനിൽ, സന്ദർശകർക്കായി വിഡിയോ കാൾ സേവനം, ഗോൾഡൻ വിസ സേവനം, മറ്റു ഇതര സേവനങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.
കൂടാതെ കുട്ടികളെ ആകർഷിക്കാനായി കാർട്ടൂൺ കഥാപാത്രങ്ങളായ ‘സാലിം’, ‘സലാമ’ എന്നിവയുടെ സാന്നിധ്യവുമുണ്ടായി. കാണികളെ പങ്കെടുപ്പിച്ചുള്ള സംവേദനാത്മക ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. യു.എ.ഇയിൽ വസിക്കുന്ന വിവിധ സംസ്കാരങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുക എന്നത് ഒരു സാമൂഹിക നിക്ഷേപമാണെന്നും ഫിലിപ്പീനോ സമൂഹം രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

