കടമേരി റഹ്മാനിയ ഗോള്‍ഡന്‍ ജൂബിലി; കോഡൂര്‍ മുഹ്യിദ്ദീന് കുട്ടി മുസ്ല്യാര്‍ക്കും ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ല്യാര്‍ക്കും പുരസ്കാരം
text_fieldsകോഡൂർ മുഹ്യിദ്ദീന് കുട്ടി മുസ്ല്യാർ, ചീക്കിലോട്
കുഞ്ഞബ്ദുല്ല മുസ്ല്യാർ
ദുബൈ: കടമേരി റഹ്മാനിയ അറബിക് കോളജ് ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് റഹ്മാനിയ യു.എ.ഇ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പി.കെ. മൊയ്തു ഹാജി മെമ്മോറിയല്‍ റഹ്മാനിയ ജ്ഞാനശ്രേഷ്ഠ, കര്‍മശ്രേഷ്ഠ വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. റഹ്മാനിയ യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ കുറ്റിക്കണ്ടി അബൂബക്കര്‍ തുടങ്ങിയവർ ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
കടമേരി റഹ്മാനിയ്യ അറബിക് കോളജ് ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് റഹ്മാനിയ്യ യു.എ.ഇ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പി.കെ. മൊയ്തു ഹാജി മെമ്മോറിയല്‍ പുരസ്കാരം പ്രഖ്യാപിക്കുന്ന വാർത്തസമ്മേളനം
നാലു പതിറ്റാണ്ട് വിദ്യാർഥികള്‍ക്ക് അറിവ് പകര്ന്നുനല്കുകയും വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി സമഗ്ര സംഭാവനകളര്പ്പിക്കുകയുംചെയ്ത പണ്ഡിതന് കോഡൂര്‍ മുഹ്യിദ്ദീന് കുട്ടി മുസ്ല്യാര്‍ ജ്ഞാനശ്രേഷ്ഠ വിദ്യാഭ്യാസ പുരസ്കാരത്തിനർഹനായി. 40 വര്‍ഷത്തിലധികമായി വിവിധ വികസന പദ്ധതികൾക്ക് നേതൃപരമായ പങ്കുവഹിച്ച ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ല്യാര്‍ കര്‍മശ്രേഷ്ഠ പുരസ്കാരത്തിനും തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കോഡൂര്‍ ഉസ്താദ് എന്നപേരില്‍ പ്രസിദ്ധനായ പുല്‍പ്പാടന്‍ മുഹ്യിദ്ദീന് കുട്ടി മുസ്ല്യാര്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രശോഭിച്ചുനില്ക്കുന്ന ആയിരത്തോളം ശിഷ്യസമ്പത്തിനുടമയാണ്. കുഞ്ഞബ്ദുല്ല മുസ്ല്യാര്‍ 1987ല്‍, പിതാവും റഹ്മാനിയയുടെ സ്ഥാപകനുമായ കുഞ്ഞമ്മദ് മുസ്ല്യാരുടെ മരണശേഷം സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറിയും മാനേജരുമായി നിയമിതനായി. മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് 50 വര്‍ഷമായി ക്രിയാത്മക ഇടപെടലുകള്‍ നടത്തി മുന്നേറുന്ന കടമേരി റഹ്മാനിയയുടെ വളര്‍ച്ചക്കുവേണ്ടി മഹത്തായ സംഭാവനകളര്‍പ്പിച്ചു. 40ലധികം വര്‍ഷം യു.എ.ഇയിലെ മത-സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പി.കെ. മൊയ്തു ഹാജിയുടെ നാമധേയത്തിലാണ് പുരസ്കാരം നൽകുന്നത്. നന്തി ദാറുസ്സലാം അറബിക് കോളജ് ദുബൈ കമ്മിറ്റി പ്രസിഡന്റും റഹ്മാനിയ കമ്മിറ്റിയംഗവുമായിരുന്നു.
ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് റഹ്മാനി ബിരുദ പരീക്ഷയിലെ ആദ്യ മൂന്ന് റാങ്ക് ജേതാക്കള്‍ക്ക് യഥാക്രമം കടോളി കുഞ്ഞബ്ദുല്ല ഹാജി, ടി.വി.പി. മൂസ ഹാജി, അരയാക്കൂല്‍ മൊയ്തു ഹാജി മെമ്മോറിയല്‍ എക്സലന്‍സി അവാര്‍ഡുകളും നല്‍കുന്നുണ്ട്.റഹ്മാനിയ അസോസിയേഷന് പ്രസിഡന്റ് മിദ്ലാജ് റഹ്മാനി, മീഡിയ ചെയര്മാന് സലാം റഹ്മാനി കൂട്ടാലുങ്ങല്‍, ഇ.പി.എ. ഖാദര്‍ ഫൈസി, കടോളി അഹ്മദ്, ടി.വി.പി. മുഹമ്മദലി, മൊയ്തു അരൂര്‍, അബ്ദുല്ല റഹ്മാനി, തെക്കയില്‍ മുഹമ്മദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

