കബഡി ലീഗും യു.എ.ഇയിലേക്ക്
text_fieldsഅൾട്ര കബഡി ലീഗിന്റെ ലോഞ്ചിങ് ചടങ്ങ് ദുബൈയിൽ നടന്നപ്പോൾ
ദുബൈ: ക്രിക്കറ്റ്, ഫു്ടബാൾ, ടെന്നിസ്, ഗോൾഫ് എന്നിവക്കുശേഷം കബഡിയിലും കൈവെച്ച് ദുബൈ. യു.എ.ഇ ആദ്യമായി ആതിഥ്യമരുളുന്ന അൾട്ര കബഡി ലീഗ് ദുബൈയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സ്പോട്ടിഫൈ ആണ് ലീഗ് നടത്തുന്നത്. ജൂണിൽ നടക്കുന്ന പരിപാടിയുടെ ലോഞ്ചിങ് ദുബൈയിൽ നടന്നു. ഇന്ത്യൻ ഗ്രാമങ്ങളിൽ അരങ്ങേറുന്ന കബഡിയുടെ ‘പ്രോ’ വേർഷനാണ് ദുബൈയിലും നടക്കുക. എട്ട് ടീമുകളാണ് പങ്കെടുക്കുക. ഏപ്രിലിൽ ദുബൈയിൽ നടക്കുന്ന ലേലത്തിൽ വമ്പൻ താരങ്ങളെ ടീമുകൾ ഏറ്റെടുക്കും.
എട്ട് ടീമുകളാണ് പങ്കെടുക്കുക. ഓരോ ടീമിലും 14 താരങ്ങളുണ്ടാവും. 20 ദിവസങ്ങളിലായി 32 മത്സരങ്ങൾ നടക്കും. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലായിരിക്കും ഫിക്സ്ചർ. വിവിധ ദേശീയ ടീമുകളിലെ താരങ്ങൾ ഉൾപ്പെടെ 112 പേർ അണിനിരക്കും. കൂടുതൽ താരങ്ങളും ഏഷ്യയിൽ നിന്നായിരിക്കും. കബഡിയുടെ നാടായ ഇന്ത്യയിൽനിന്നും നിരവധി താരങ്ങൾക്ക് അവസരം ലഭിക്കും. യു.എ.ഇ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ താരങ്ങളും പങ്കെടുക്കും.
ഇന്ത്യയിൽ നടക്കുന്ന പ്രോ കബഡി ലീഗിന്റെ മാതൃകയിലായിരിക്കും യു.എ.ഇ ലീഗും നടക്കുക. ടീമുകളുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങളും സ്പോൺസർമാരുടെ പേരുകളും പുറത്തുവിടും. അന്താരാഷ്ട്രതലത്തിൽ ടെലിവിഷൻ സംപ്രേഷണമുണ്ടായിരിക്കും. ദുബൈ സ്പോർട്സ് കൗൺസിലിന്റെ കായിക മത്സരങ്ങളുടെ ഡയറക്ടർ അലി ഒമർ, ഇന്ത്യൻ ചലച്ചിത്ര താരം കബീർ ദുഹാൻ സിങ്, സുമിത് സിങ് എന്നിവർ ചേർന്നാണ് കബഡി ലീഗ് ലോഞ്ച് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

