രൂപക്കും സ്വർണത്തിനും വിലയിടിവ്; മണി എക്സ്ചേഞ്ചുകളിലും ജ്വല്ലറികളിലും വൻ തിരക്ക്
text_fieldsദുബൈ: ചരിത്രത്തിൽ ഏക്കാലത്തെയും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തവെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നെട്ടല്ലായ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വൻ വർധന. രൂപയുടെയും സ്വർണത്തിെൻറയും വിലയിടിയൽ പ്രവണത തുടരുന്നതിനാൽ രണ്ടു ദിവസങ്ങളിലായി ഗൾഫ് രാജ്യങ്ങളിലെ മണി എക്സ്ചേഞ്ചുകളിലും സ്വർണാഭരണ ശാലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 18.77 രൂപയായിരുന്നു ഇന്നലെ ഒരു യു.എ.ഇ ദിർഹത്തിനു പകരം ലഭിച്ചത്. സൗദി റിയാലിന് 18.36 ഉം ഒമാനി റിയാലിന് 178.50 ഉം രൂപ ലഭിച്ചു. മാസാവസാന തീയതികൾ വെള്ളി, ശനി അവധിയാകയാൽ ചില സ്ഥാപനങ്ങളിൽ ഇന്നലെ തന്നെ ശമ്പള വിതരണം നടന്നിരുന്നു. ശമ്പള തീയതി അടുത്തതിനാൽ പലരും കടം വാങ്ങിയും പണം നാട്ടിലേക്കയക്കുന്നുണ്ട്. മാസാന്ത്യം നാട്ടിലേക്ക് പണമയക്കുന്ന സാധാരണക്കാർ ഇൗ അവസരം വിനിയോഗിക്കുമെങ്കിലും വൻ തുകകൾ കൈവശമുള്ളവരും നിക്ഷേപകരും കൂടുതൽ മികച്ച തുകക്കായി കാത്തിരിക്കുകയാണ്.
ക്രൂഡോയിലിെൻറ ഉയർന്ന വിലയാണ് രൂപയുടെ മൂല്യത്തകർച്ചക്ക് പ്രധാന കാരണം. ഇന്ത്യയുമായി ഇന്ധന നയതന്ത്രം പുലർത്തുന്ന ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന അമേരിക്കൻ നിർദേശം വരും ദിവസങ്ങളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കും. സ്കൂളുകൾ അടച്ച് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന വേളയിൽ സ്വർണ വില ഇടിഞ്ഞത് സ്വർണ വിപണിയിലും ഉണർവ് പകർന്നിട്ടുണ്ട്. 142.50 ദിർഹമിനാണ് ഇന്നലെ ദുബൈ വിപണിയിൽ സ്വർണം ലഭ്യമായത്. ഇൗ വർഷം ആദ്യം മുതൽ മൂല്യ വർധിത നികുതി ഏർപ്പെടുത്തിയതിനെ തുടർന്ന് യു.എ.ഇ^സൗദി സ്വർണ വിപണികളിൽ ബാധിച്ച മങ്ങൽ മറികടക്കുന്ന കച്ചവടമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. അതോടെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആഹ്ലാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
