പ്രവാസികൾക്കായി വീണ്ടും നീതിമേള
text_fieldsദുബൈ: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റി (പിൽസ്) യുടെ ആഭിമുഖ്യത്തിൽ മോഡൽ സർവിസ് സൊസൈറ്റി (എം.എസ്.എ.എസ്) യുമായി സഹകരിച്ച് യു.എ.ഇയിലെ പ്രവാസികൾക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോയവർക്കുമായി നീതിമേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 21ന് ദുബൈ റാശിദിയയിലെ പേസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് ആറുവരെയാണ് നീതിമേള.
മേളയിൽ പങ്കെടുക്കാനെത്തുന്നവർക്ക് റാശിദിയ മെട്രോ സ്റ്റേഷനിൽ നിന്നും പേസ് സ്കൂളിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവിസും ഒരുക്കിയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് സൗജന്യ നിയമസഹായ മേള പിൽസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് നീതി മേളയിലൂടെ പരിഹാരം നിർദേശിക്കാം. അവശ്യഘട്ടങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെട്ട് പരിഹാരങ്ങൾക്ക് വഴിയൊരുക്കും.
പാസ്പോർട്ട്, എംബസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വിസ, റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധമായ തർക്കങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹന അപകട സംബന്ധമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ, സ്വത്തു സംബന്ധമായ സ്വകാര്യ വ്യവഹാരങ്ങൾ, വിവാഹം, വിവാഹ മോചന ജീവനാംശ കേസുകൾ എന്നിവയിലും നാട്ടിലും മറുനാട്ടിലും നേരിടുന്ന മറ്റ് ക്രിമിനൽ-സിവിൽ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നീതിമേളയിലൂടെ പരാതികൾ സമർപ്പിക്കാം.
അപേക്ഷ നൽകാൻ താൽപര്യമുള്ളവർക്ക് 0529432858 എന്ന വാട്സ്ആപ് നമ്പറിലൂടെയും neethimela@gmail.com എന്ന ഇ-മെയിലിലൂടെയും പരാതികൾ സമർപ്പിക്കാം. പരാതികൾ നാട്ടിലും യു.എ.ഇ യിലുമുള്ള വിദഗ്ധ അഭിഭാഷക സമിതി പരിശോധിച്ച് പരിഹാര നിർദേശങ്ങൾ നൽകും. നീതിമേളയുടെ സമാപനത്തിൽ അപേക്ഷകർക്ക് അഭിഭാഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവുമൊരുക്കും.
നീതിമേളയുടെ സുഗമമായ നടത്തിപ്പിന് റിട്ട. ജസ്റ്റിസ് പി.കെ. ശംസുദ്ദീൻ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ എന്നിവർ രക്ഷാധികാരികളും മോഹൻ എസ്. വെങ്കിട്ട് ചെയർമാനും അഡ്വ. അസീസ് തോലേരി കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

