നീതിമേള 2025; അഭിഭാഷകരെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു
text_fieldsനീതിമേള വിജയകരമാക്കിയവരെ ആദരിക്കുന്നതിനായി പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റിയും മോഡൽ സർവിസ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽനിന്ന്
ദുബൈ: പ്രവാസി ഇന്ത്യക്കാർക്കിടയിൽ സൗജന്യ നിയമസഹായം എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നീതിമേള 2025ന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച അഭിഭാഷകർ, സന്നദ്ധ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരെ ആദരിക്കുന്ന ചടങ്ങ് ദുബൈ അൽനഹ്ദയിലെ മോഡൽ സർവിസ് സൊസൈറ്റി (എം.എസ്.എസ്) ഓഫിസിൽ നടന്നു.
പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റിയും (പിൽസ്) മോഡൽ സർവിസ് സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പിൽസ് പ്രസിഡന്റ് കെ.കെ. അഷ്റഫ് അധ്യക്ഷനായ യോഗം സാമ്പത്തിക-നിക്ഷേപ വിദഗ്ധനായ ഹസ്സൻ ഉബൈദ് അൽ മർറി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അൽ നിഷാജ് ഷാഹുൽ സ്വാഗതം ആശംസിച്ചു.
സാമൂഹിക നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച നീതിമേളയിലൂടെ 618ൽ അധികം പ്രവാസികൾക്ക് സൗജന്യ നിയമോപദേശവും ആവശ്യമായ സഹായവും നൽകാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. ചടങ്ങിനോടനുബന്ധിച്ച് ആദര സർട്ടിഫിക്കറ്റുകളും മൊമെന്റോകളും വിതരണം ചെയ്തു.ഹസ്സൻ ഉബൈദ് അൽ മർറി, ഡോ. ഹാനി ഹമ്മൂദാ ഹെഗാഗ് (അന്താരാഷ്ട്ര നിയമ വിദഗ്ധൻ), സിറാജുദ്ദീൻ മുഷ്തഫ എന്നിവർ ചേർന്നാണ് ആദരം കൈമാറിയത്.
അഡ്വ. അസീസ് തോലേരി, അഡ്വ. അനിൽ കുമാർ കൊട്ടിയം എന്നിവർ നീതിമേളയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. നീതിമേള 2 ചെയർമാൻ മോഹൻ വെങ്കിട്, എം.എസ്.എസ് സെക്രട്ടറി ഷെജിൽ ഷൗക്കത്ത് എന്നിവർ ആശംസ നേർന്നു. കമ്മിറ്റി അംഗങ്ങളായ എ.എസ് ദീപു, അബ്ദുൽ മുത്തലിഫ്, ബിജു പാപ്പച്ചൻ, അഡ്വ. മുഹമ്മദ് സാജിദ്, അഡ്വ. നജ്മുദീൻ, നാസർ ഉരകം തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എം.എസ്.എസ്, പിൽസ് പ്രതിനിധി മുഹമ്മദ് അക്ബർ നന്ദി പറഞ്ഞു. പിൽസ് ചെയർമാനും കേരള ഹൈകോടതി അഭിഭാഷകനുമായ അഡ്വ. ഷാനവാസ് കാട്ടകത്തു ആദരം ലഭിച്ചവർക്ക് ആശംസകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

