ജുമൈറ ബീച്ച് വിപുലീകരണം അന്തിമഘട്ടത്തിൽ
text_fieldsജുമൈറ ബീച്ച് വിപുലീകരണ പദ്ധതി പ്രദേശം ശൈഖ് ഹംദാൻ സന്ദർശിക്കുന്നു
ദുബൈ: നഗരത്തിലെ പൊതു ബീച്ചുകളിലെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായ ജുമൈറ ബീച്ച് 1 വിപുലീകരണ പദ്ധതി 95 ശതമാനം പൂർത്തിയായി.
സ്ഥലം സന്ദർശിച്ച് പദ്ധതി വിലയിരുത്തിയ ശേഷം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് സാമൂഹിക മാധ്യമങ്ങൾ വഴി ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുബൈ മുനിസിപ്പാലിറ്റി നടപ്പാക്കുന്ന പദ്ധതി വഴി തീരപ്രദേശങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കുക, താമസക്കാരുടെയും സന്ദർശകരുടെയും അനുഭവങ്ങൾ മെച്ചപ്പെടുത്തുക, ജീവിതനിലവാരം ഉയർത്തുക, ബീച്ച് ടൂറിസത്തിൽ ആഗോളതലത്തിലെ മുൻനിര കേന്ദ്രമായി ദുബൈയെ മാറ്റിയെടുക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ജീവിതനിലവാര നയം 2033ന്റെയും ദുബൈ അർബൺ മാസ്റ്റർ പ്ലാൻ 2040ന്റെയും ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിൽ ബീച്ച് പ്രദേശം 50 ശതമാനം വിപുലീകരിക്കാനാണ് ആസൂത്രണം ചെയ്തത്. ഇതാണ് നിലവിൽ അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മനോഹരവും മികച്ചതുമായ ബീച്ചുകളാക്കി ദുബൈയിലെ ബീച്ചുകളെ മാറ്റുകയെന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് വിപുലീകരണമെന്ന് ശൈഖ് ഹംദാൻ എക്സ് അക്കൗണ്ടിൽ കുറിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ആവശ്യമായ വിനോദ, കായിക സൗകര്യങ്ങളാണ് പദ്ധതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് നടത്തം, സൈക്ലിങ്, ജോഗിങ് ട്രാക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രാദേശിക സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നതിനും ബീച്ച് ടൂറിസം ശക്തിപ്പെടുത്തുന്നതിനുമായി 15ലധികം നിക്ഷേപ അവസരങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
ലോകോത്തര വിനോദ സൗകര്യങ്ങൾ സംവിധാനിച്ച ജുമൈറ ബീച്ച് 1 ഫെബ്രുവരിയിൽ സന്ദർശകരെ സ്വാഗതം ചെയ്യാനാണ് ഒരുങ്ങുന്നത്. ദുബൈ മുനിസിപ്പാലിറ്റിയുടെ സുസ്ഥിര വികസന പരിപാടികളിൽ പ്രധാന ശ്രദ്ധാകേന്ദ്രമാണ് പൊതു ബീച്ചുകൾ. വർഷം മുഴുവനും താമസക്കാരും സന്ദർശകരും സന്ദർശിക്കുന്ന നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണായതിനാലാണ് ഈ മേഖലയിൽ പ്രത്യേകമായി ഉൗന്നുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

