പുസ്തകം ഒഴുക്കോടെ എഴുതാൻ ജൂലി ലെവിസ് ഇംഗ്ലീഷ് ചാനൽ നീന്തുന്നു
text_fieldsഅബൂദബി: പ്രതിബന്ധങ്ങളിലൂടെ കടന്നുപോകുന്നത് കൊണ്ടാണ് ജലം ഏത് ആകൃതിയിലേക്കും മാറുന്നതെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള പുസ്തകരചനക്കായി വലിയ സാഹസികതക്ക് ഒരുങ്ങുകയാണ് എഴുത്തുകാരി ജൂലി ലെവിസ്. പുസ്തകം എഴുതാനുള്ള വിവരങ്ങളും അനുഭവങ്ങളും നേടുന്നതിനായി ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കാനാണ് അബൂദബിയിൽ താമസിക്കുന്ന ബ്രിട്ടീഷുകാരിയായ ജൂലി ലെവിസിെൻറ തീരുമാനം. ‘എച്ച് 20 ലീഡർഷിപ്: ലെസൺസ് ഫ്രം വാട്ടർ’ എന്നതാണ് അടുത്തതായി എഴുതാനിരിക്കുന്ന പുസ്തകത്തിന് നൽകിയ പേര്. നേരത്തെ ‘മൂവിങ് മൗണ്ടെയ്ൻസ്: ഡിസ്കവർ ദ മൗണ്ടെയ്ൻ ഇൻ യു’ എന്ന പുസ്തകം രചിച്ചിട്ടുണ്ട് ഇവർ.
വ്യത്യസ്തമായ ആശയവുമായി 56ാം വയസ്സിലാണ് ജൂലി 33 കിലോമീറ്റർ ദൈർഘ്യമുള്ള ഒാളങ്ങളെ പകുക്കാനൊരുങ്ങുന്നത്. ആദ്യം റിലേ നീന്തൽ നടത്താനായിരുന്നു ആലോചിച്ചത്. ഇതിനായി യു.എ.ഇയിലെ മറ്റു നാലുപേരോടൊപ്പം ഇംഗ്ലീഷ് ചാനൽ സ്വിമ്മിങ് അസോസിയേഷന് അപേക്ഷ സമർപ്പിച്ചു. എന്നാൽ, ഇൗ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. തുടർന്നാണ് ഒറ്റക്ക് നീന്താനുള്ള തീരുമാനമെടുത്തത്. 2018 മാർച്ചിൽ ഡോവറിലെ ജലാശയങ്ങളിൽ പരിശീലനം ആരംഭിച്ചു. ആറ് തവണ ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ലോറെറ്റ കോക്സിനെ പരിശീലകയായി സ്വീകരിക്കുകയും ചെയ്തു.
ആഗസ്റ്റ് 18 മുതൽ 25 വരെയുള്ള ദിവസങ്ങളാണ് ജൂലിക്ക് ഇംഗ്ലീഷ് ചാനൽ സ്വിമ്മിങ് അസോസിയേഷൻ അവസരം അനുവദിച്ചത്. ഇതിൽ ആഗസ്റ്റ് 22 അവർ തെരഞ്ഞെടുത്തു. നീന്തൽ യജ്ഞത്തിനിടെ പരിശീലക, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരെയും വഹിച്ച് ഒരു ബോട്ട് ഇവരെ അനുഗമിക്കും.
കൂടുതൽ പരിശീലനങ്ങൾക്കായി ജൂൺ അഞ്ചിന് ജൂലി ബ്രിട്ടനിലേക്ക് തിരിക്കും. നീന്തൽ ദിവസമായ ആഗസ്റ്റ് 22ന് ഇംഗ്ലീഷ് ചാനലിലെ വെള്ളത്തിന് 16 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും താപനില. 33 കിലോമീറ്റർ നീന്താൻ ശരാശരി 12 മുതൽ 14 വരെ മണിക്കൂറാണ് ആവശ്യം. ഇതുവരെ 2228 പേരാണ് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നത്. എന്നാൽ, എവറസ്റ്റ് കൊടുമുടി 4833 പേർ കീഴടക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കാൻ ശ്രമിച്ച ആറിൽ അഞ്ച് പേരും പരാജയപ്പെട്ടുവെന്നാണ് കണക്ക്. എന്നാൽ, ഇത്തരം പ്രതിസന്ധികളൊന്നും പ്രചോദന പ്രഭാഷക കൂടിയായ ജൂലി ലെവിസിനെ നിരുത്സാഹപ്പെടുത്തുന്നില്ല. മതിയായ പരിശീലനമില്ലാതെ ഇംഗ്ലീഷ് ചാനൽ നീന്താൻ പോയവരാണ് തോൽവിയറിഞ്ഞതെന്ന് ജൂലി പറയും. എവിടേക്കും ഒഴുകിയെത്തുന്ന ജലത്തെ പോലെ വിജയത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
