ഇന്ത്യൻ രുചിമേളങ്ങളുടെ ജുഗൽബന്ദി
text_fieldsഷാർജ: ഇന്ത്യയിലെ ഓരോ ഗ്രാമത്തിനും ഓരോ രുചികളുടെ കഥപറയാനുണ്ടാവും. ഇനിയും വൈദ്യുതിയുടെ വെള്ളിവെളിച്ചമെത്താത്ത ഉൾഗ്രാമങ്ങളുടെ പേരിൽപോലും ഭക്ഷ്യവിഭവങ്ങൾ ഉടലെടുക്കുന്ന കാലമാണിത്.
മാഞ്ഞാലി ബിരിയാണി മുതൽ തീരദേശ കൊങ്കൺ പ്രദേശങ്ങളിലെ സുപ്രധാന ഐറ്റമായ സരസ്വത് വരെ വെളിപ്പെടുത്തുന്നത് ഇന്ത്യയുടെ രുചിവൈവിധ്യങ്ങളാണ്. ഈ രുചിഭേദങ്ങളെല്ലാം ഒരുകൂരക്ക് കീഴിൽ സംഗമിക്കുകയാണ് ‘ഗൾഫ് മാധ്യമം’ കമോൺ കേരളയിലെ ടേസ്റ്റി ഇന്ത്യയിലൂടെ.
കമോൺ കേരളയിലെ മുഖ്യ ആകർഷണമാണ് ടേസ്റ്റി ഇന്ത്യ. കേരളത്തിലെ തട്ടുകടകളിലെ ഭക്ഷണം മുതൽ ഉത്തരേന്ത്യൻ തെരുവോരങ്ങളിലെ രുചിവൈവിധ്യങ്ങൾ വരെ പരിചയപ്പെടാനും രുചിച്ചുനോക്കാനുമുള്ള വലിയൊരു ലോകമാണ് ടേസ്റ്റി ഇന്ത്യൻ വേദി. കഴിഞ്ഞ നാല് സീസണുകളിലും സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ട രുചികളൊരുക്കിയ മേള നഗരിയിൽ ഇക്കുറിയും വ്യത്യസ്ത വിഭവങ്ങളുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഭക്ഷ്യ സ്റ്റാളുകൾ അണിനിരക്കും. ഇത് ആസ്വദിക്കാൻ ഭക്ഷണപ്രേമികളും ഒഴുകിയെത്തും. ടേസ്റ്റി ഇന്ത്യയുടെ നാലു ദിക്കിലും 40 തരം ഭക്ഷണ രീതികളുണ്ടാവും. കിഴക്കേ ഇന്ത്യയിൽനിന്നുള്ള മധുരപലഹാരങ്ങൾ മലയാളികൾക്കുപോലും പ്രിയപ്പെട്ടതാണ്. രസഗുള, ഖീരി, ചെന്ന ഗാജ, രസബലി, ചുംചും എന്നിവയെല്ലാം രുചിച്ചറിയാം. വടക്കേ ഇന്ത്യയിലെ റൊട്ടി, കുൽച്ച, ഭട്ടൂര, പൂരി, തന്തൂരി എന്നിവയുടെ സ്വാദുകൾ ആസ്വദിച്ചറിയാം. മസാല ചായ മുതൽ മൺഗ്ലാസിൽ നിറയുന്ന തന്തൂരി ടീ വരെ വിവിധയിനം ചായകളുടെ സമ്മേളനം കൂടിയായിരിക്കും കമോൺ കേരള.
ഐസ്ക്രീം, പായസം, പുഡിങ് തുടങ്ങിയ ഡസർട്ട് ഐറ്റംസാണ് കുട്ടികളെ ഏറെ ആകർഷിക്കുക. കുരുമുളകിട്ട പെപ്പർ ബീഫ് ഫ്രൈയും ഗ്രിൽഡ് ചിക്കന്റെ ഇന്ത്യൻ വേർഷനുമെല്ലാം അണിനിരക്കും. ചെറുകടി പ്രേമികളെ ആകർഷിക്കാൻ കല്ലുമ്മക്കായയും സമൂസയും പഴംപൊരിയും ചട്ടിപ്പത്തിരിയും ഇറച്ചിപ്പത്തിരിയുമെല്ലാമുണ്ടാകും. കപ്പയും മീൻകറിയും കഴിക്കണമെന്ന് തോന്നുന്നവർക്കും ഷാർജ എക്സ്പോ സെന്ററിലെത്തിയാൽ മതി. ഉത്സവാന്തരീക്ഷത്തിലാണ് ടേസ്റ്റി ഇന്ത്യൻ വേദിയൊരുക്കുന്നത്. ഈ ഭക്ഷണങ്ങളെല്ലാം ആസ്വദിച്ച് കമോൺ കേരളയിൽ നടക്കുന്ന വിവിധ പരിപാടികളിലും പങ്കാളികളാകാം. കല്ലുവും മാത്തുവും അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ടേസ്റ്റി ഇന്ത്യയുടെ പശ്ചാത്തലത്തിൽ അരങ്ങേറും. രാവിലെ പുട്ടും കടലയും കഴിച്ച്, ഉച്ചക്ക് ബിരിയാണി അടിച്ച്, വൈകുന്നേരം ചെറുകടികൾ ആസ്വദിച്ച്, രാത്രി അത്താഴത്തോടെ കൈ നിറയെ സമ്മാനവും മനം നിറയെ സന്തോഷവുമായി വീട്ടിലേക്ക് മടങ്ങാനുള്ള കുടുംബ വേദി കൂടിയായിരിക്കും കമോൺ കേരള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

