ദുബൈയിൽ ജുഡീഷ്യൽ എക്സ്പേർട്ട് സെന്റർ സ്ഥാപിച്ചു
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: നീതിന്യായ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ ജുഡീഷ്യൽ എക്സ്പേർട്ട് സെന്റർ സ്ഥാപിച്ചു. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമുള്ള അംഗീകൃത നിയമവിദഗ്ധരെ കണ്ടെത്തുകയും എമിറേറ്റിലെ കോടതികൾക്ക് കൈമാറുകയും ചെയ്യുക ജുഡീഷ്യൽ എക്സ്പേർട്ട് സെന്ററായിരിക്കും. ഏകീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി നിയമനം, മേൽനോട്ടം, പ്രകടന വിലയിരുത്തൽ എന്നിവ നടത്തുന്ന അംഗീകൃത സ്ഥാപനങ്ങളിൽനിന്നായിരിക്കും നിയമവിദഗ്ധരെ ദുബൈ ജുഡീഷ്യൽ സെന്റർ കണ്ടെത്തുക.
തിങ്കളാഴ്ച യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ ജുഡീഷ്യൽ എക്സ്പേർട്ട് സെന്റർ സ്ഥാപിക്കുന്നതിനുള്ള നിയമത്തിന് അംഗീകാരം നൽകിയതായി ദുബൈ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിലൂടെ അറിയിച്ചു. എമിറേറ്റിന്റെ നീതിന്യായ വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പായാണ് പുതിയ സംവിധാനത്തെ വിലയിരുത്തുന്നത്.
കോടതികളിൽനിന്നുള്ള വിദഗ്ധ റിപ്പോർട്ടുകളുടെ കൃത്യത മെച്ചപ്പെടുത്തുക, കേസ് തീർപ്പാക്കുന്നതിന്റെ വേഗം വർധിപ്പിക്കുക, പ്രത്യേക മേഖലകളിൽ ഇമാറാത്തി പ്രതിഭകളെ വികസിപ്പിക്കുക തുടങ്ങിയവയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. ദുബൈയുടെ നീതിന്യായ വ്യവസ്ഥകളിൽ പൊതുജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും കഴിയുന്ന മുൻനിര ആഗോള കേന്ദ്രമെന്ന നഗരത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും പുതിയ നീക്കം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ജുഡീഷ്യൽ അതോറിറ്റികളിൽനിന്ന് അഭ്യർഥനകൾ സ്വീകരിക്കുകയും ആവശ്യത്തിന് അനുസരിച്ച് നിയമ വിഗദ്ധരെ തെരഞ്ഞെടുക്കുകയും ചെയ്യുന്നത് ജുഡീഷ്യൽ സെന്ററായിരിക്കും. കൂടാതെ വിദഗ്ധ റിപ്പോർട്ടുകളിൽ കൃത്യത ഉറപ്പുവരുത്തിയും വ്യവഹാരം നടത്തുന്നവർക്ക് നീതിന്യായ വ്യവസ്ഥകളിലെ ആത്മവിശ്വാസം ശക്തിപ്പെടുത്തിയും കോടതികളിൽ നിയമവിദഗ്ധരെ കണ്ടെത്തുന്നതിനായി നിയമ ചട്ടക്കൂടുകൾ വികസിപ്പിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

