ദുബൈയിൽ ഇനി ‘ജ്യുവൽ ഓഫ് ജോയ്’
text_fieldsദുബൈ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ‘ജ്യുവൽ ഓഫ് ജോയ്’ ദുബൈയിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ ഉപഭോക്താക്കൾക്കായി തുറന്നു. ലോകത്തെ ഏറ്റവും പ്രമുഖ ജ്വല്ലറി ശൃംഖലകളിലൊന്നായ ജോയ് ആലുക്കാസാണ് ദുബൈ ഗോൾഡ് ഡിസ്ട്രിക്ടിൽ 25,000 ചതുരശ്ര അടി വിസ്തീർണത്തിൽ ‘ജ്യുവൽ ഓഫ് ജോയ്’ ഒരുക്കിയിരിക്കുന്നത്. യു.എ.ഇയിലെ നാല് പതിറ്റാണ്ടിന്‍റെ വ്യാപാര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണിത്.
യു.എ.ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് ഷോറൂമിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി, ഇത്‌റ ദുബൈ സി.ഇ.ഒ ഇസ്സാം ഗലധാരി, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇസ്സാം ഗലധാരിയാണ് ‘ജ്യൂവൽ ഓഫ് ജോയ് ബൈ ജോയ് ആലുക്കാസ്’ എന്ന പേര് അനാച്ഛാദനം ചെയ്തത്. ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി സന്ദർശകർക്ക് ഉള്ളിലൂടെ നടന്നുപോകാൻ കഴിയുന്ന കൂറ്റൻ വളയായ ‘റോയൽ ബാംഗ്ൾ വാക്ക്’ എന്ന പ്രത്യേക ഇൻസ്റ്റളേഷൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി അനാച്ഛാദനം ചെയ്തു.
പരമ്പരാഗത സ്വർണാഭരണങ്ങൾ, വിവാഹ ശേഖരങ്ങൾ, വജ്രങ്ങൾ, അപൂർവ രത്നങ്ങൾ എന്നിവയുടെ വലിയ ശേഖരമാണ് ‘ജ്യുവൽ ഓഫ് ജോയ്’ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ലോകമെമ്പാടുമുള്ള ജോയ് ആലുക്കാസിന്‍റെ 200ലധികം ഷോറൂമുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവം നൽകാനാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. എക്സ്ക്ലൂസിവ് ഡിസൈനർ സ്റ്റുഡിയോ, പ്രീമിയം വി.ഐ.പി ലോഞ്ച്, കുട്ടികളുടെ വിനോദ മേഖല, പ്രത്യേക മെയിന്‍റനൻസ് സർവീസുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് ഷോറൂം.
ദുബൈക്കുള്ള ആദരവാണ് പുതിയ സംരംഭമെന്ന് ഡോ. ജോയ് ആലുക്കാസ് വ്യക്തമാക്കി. ‘ജ്യുവൽ ഓഫ് ജോയ്' വെറുമൊരു ഷോറൂം മാത്രമല്ല. ഞങ്ങൾക്ക് ഏറെ നൽകിയ ഈ നഗരത്തിനുള്ള ഞങ്ങളുടെ ആദരവാണിത്. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ചത് നൽകാൻ ഞങ്ങൾ എപ്പോഴും പരിശ്രമിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഞങ്ങൾ യു.എ.ഇയ്‌ക്കൊപ്പം വളർന്നു’ -അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയിലെയും വിദേശങ്ങളിലെയും എല്ലാ ഉപഭോക്താക്കൾക്കും സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവം നൽകാൻ ‘ജ്യുവൽ ഓഫ് ജോയ്' ഷോറൂമിന് സാധിക്കുമെന്ന് സി.ഇ.ഒ ജോൺ പോൾ ആലുക്കാസും അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

