ജോലിക്ക് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ രണ്ടുവർഷം തടവ്
text_fieldsദുബൈ: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്കും നിർമിക്കുന്ന സ്ഥാപനങ്ങൾക്കും രണ്ടുവർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ വിധിക്കുന്ന നിയമം യു.എ.ഇയിൽ നടപ്പാക്കുന്നു. നിയമത്തിന് ചൊവ്വാഴ്ച നടന്ന ഫെഡറൽ നാഷനൽ കൗൺസിലിൽ അംഗീകാരം നൽകി.
സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെ പറ്റിയുള്ള അറിവില്ലായ്മ കൊണ്ടാണ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതെന്ന് വാദിച്ചാൽപോലും ശിക്ഷയിൽനിന്ന് ഒഴിവാകാൻ കഴിയില്ലെന്നതാണ് പുതിയ നിയമത്തിെൻറ പ്രത്യേകത.
വ്യാജരേഖ ചമക്കലും ജോലി തട്ടിപ്പും ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
യോഗ്യതയുടെ ആധികാരികത ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തും. വ്യാജ ബിരുദങ്ങളൊന്നും മന്ത്രാലയം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും എന്നാൽ, വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനുള്ള 143 ശ്രമങ്ങൾ 2018ൽ ഉണ്ടായതായും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽ ഫലാസി എഫ്.എൻ.സി യോഗത്തിൽ പറഞ്ഞു.
സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുംമുമ്പ് അതത് രാജ്യങ്ങളുടെ എംബസി പോലുള്ള അതോറിറ്റികളുടെ മുദ്ര പതിപ്പിച്ചിട്ടുേണ്ടാ എന്ന് പരിശോധിക്കണം.
അതിനുശേഷം യൂനിവേഴ്സിറ്റികളിൽ അന്വേഷിച്ച് യഥാർഥ ബിരുദമാണോ എന്ന് ഉറപ്പുവരുത്തും.
അബൂദബിയിലെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലിതേടുന്ന ഉദ്യോഗാർഥികൾ മന്ത്രാലയം അംഗീകരിച്ച ബിരുദ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്. എന്നാൽ, എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ നിയമം പിന്തുടരേണ്ടതില്ല. അനധികൃതമായി സർട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപനങ്ങളും ശിക്ഷക്കർഹരായിരിക്കും. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യവും നൽകരുത്.
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് 30,000 ദിർഹമാണ് പിഴ. മൂന്നുമാസം തടവും ലഭിച്ചേക്കാം.
വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയോ അതിെൻറ ഭാഗമാകുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കും. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അംഗീകാരം നൽകുന്നതോടെ നിയമം പ്രാബല്യത്തിൽവരും.