യു.എ.ഇ-കുവൈത്ത് സംയുക്ത നീക്കം: രാജ്യാന്തര മയക്കുമരുന്ന് സംഘം പിടിയിൽ
text_fieldsപൊലീസ് പിടിയിലായ മയക്കുമരുന്ന് സംഘം
ദുബൈ: കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ അതോറിറ്റികളുമായി കൈകോർത്ത് ദുബൈ പൊലീസ് നടത്തിയ രഹസ്യ നീക്കത്തിൽ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ മൂന്ന് പേർ പിടിയിലായി. രാജ്യാന്തര വിപണിയിൽ കോടതികൾ വിലമതിക്കുന്ന 14 ദശലക്ഷത്തിലധികം കപ്റ്റാഗൺ ഗുളികകൾ പ്രതികളിൽ നിന്ന് പിടികൂടി.
ചോള ധാന്യങ്ങൾ നിറച്ച ചാക്കുകളിൽ മയക്ക് മരുന്ന് ഗുളികകൾ ഒളിപ്പിച്ച് കടത്താനായിരുന്നു സംഘത്തിന്‍റെ ശ്രമം. പൊലീസിന്‍റെയും കസ്റ്റംസിന്‍റെയും പരിശോധനാ നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിനും സംശയം ഇല്ലാതിരിക്കാനുമായി അഞ്ച് കണ്ടെയ്‌നറുകളിലായാണ് ധാന്യങ്ങൾ കയറ്റുമതി ചെയ്തിരുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ യു.എ.ഇയിലെയും കുവൈത്തിലേയും അതോറിറ്റികൾ തമ്മിൽ തുടർച്ചയായി നടത്തിയ വിവര കൈമാറ്റങ്ങളും നിരീക്ഷണങ്ങൾക്കും ഒടുവിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ദുബൈ പൊലീസ് വെളിപ്പെടുത്തി.
ഇരു വിഭാഗവും ചേർന്ന് പ്രത്യേക സംഘത്തെ രൂപവത്കരിച്ചായിരുന്നു അന്വേഷണം നടത്തിയിരുന്നത്. സംശയകരമായ കണ്ടെയ്നറുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ കുവൈത്ത്-യു.എ.ഇ പൊലീസ് ടീമുകൾ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ഒരു അറബ് രാജ്യത്തെ തുറമുഖത്ത് എത്തിയ കണ്ടെയ്നറുകളുമായി അറബ് വംശജരായ മൂന്ന് പേർക്ക് ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.
രഹസ്യാന്വേഷണ വിവരങ്ങൾ പൂർണ്ണമായി ലഭിച്ചയുടൻ, പ്രത്യേക സംഘങ്ങൾ നഹസ്യ നീക്കം നടത്തുകയും സംഭരണത്തിനായി തുറമുഖത്ത് നിന്ന് ചാക്കുകൾ ഇറക്കുന്നതിനിടെ മൂന്ന് പ്രതികളെയും പിടികൂടുകയായിരുന്നു. മുഴുവൻ മയക്കുമരുന്നും തുറമുഖത്ത് വെച്ച് തന്നെ പിടിച്ചെടുക്കാനായതായി പൊലീസ് അറിയിച്ചു. 2050 കിലോഗ്രാമായിരുന്നു മൊത്തം കപ്റ്റാഗൺ ഗുളികകളുടെ തൂക്കം.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ദുബൈ പൊലീസ് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സഹകരിച്ച് നടത്തിയ അന്വേഷണമാണ് വൻ മയക്കുമരുന്ന് ശൃംഖലയെ തകർക്കാനായതെന്ന് യു.എ.ഇ ദേശീയ മയക്കുമരുന്ന് വിരുദ്ധ ബ്യൂറോ ചെയർമാൻ ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ പറഞ്ഞു. യു.എ.ഇയും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. പ്രധാന വിവരങ്ങൾ കൈമാറുന്നതിൽ ഇരു വിഭാഗവും ജാഗ്രത പുലർത്തിയതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

