ജോലി വാഗ്ദാനം ചെയ്ത് സന്ദര്‍ശക വിസയിലെത്തിച്ച് കബളിപ്പിക്കുന്നത് പതിവാകുന്നു
text_fieldsഷാര്‍ജ: തൊഴില്‍ വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ നിന്ന് നിരവധി പേരെ സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിച്ച് കബളിപ്പിക്കുന്നത് വ്യാപകമാകുന്നു. യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ നാട്ടില്‍ മെഡിക്കല്‍ പരിശോധന നിര്ബന്ധമാക്കിയതിെൻറ മറപിടിച്ചാണ് എജൻറുമാര്‍ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. സന്ദര്‍ശക വിസയിലെത്തി തൊഴില്‍ വിസയിലേക്ക് മാറാന്‍ നാട്ടിലെ മെഡിക്കല്‍ പരിശോധന ആവശ്യമില്ല എന്നത് ചൂണ്ടികാട്ടിയാണ് എജൻറുമാര്‍ ഇരകളെ വീഴ്ത്തുന്നതെന്ന് ഇവരുടെ വലയില്‍ അകപ്പെട്ട കര്‍ണാടക സ്വദേശികള്‍ 'ഗള്‍ഫ് മാധ്യമത്തോട്' പറഞ്ഞു. ഒരു ലക്ഷവും അതിന് മുകളിലും നല്‍കിയാണ് പലരും ഇവിടെ എത്തിയത്. സന്ദര്‍ശക വിസയിലത്തെിച്ച ഇവര്‍ക്ക് താത്ക്കാലികമായി ഒരിടത്ത് ജോലി തരമാക്കിയ ശേഷം എജൻറ് മുങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇവരെ കമ്പനി ഒഴിവാക്കി. ചിലര്‍ സന്ദര്‍ശക വിസയിലത്തെി ജോലി ചെയ്തതിെൻറ പേരില്‍ പൊലീസ് പിടിയിലാവുകും ചെയ്തു. നിലവിൽ കോടതിയുടെ കനിവ് കാത്ത് കഴിയുകയാണ് ഇവര്‍.
നവംബര്‍ 10 മുതലാണ് നാട്ടില്‍ മെഡിക്കല്‍ പരിശോധനക്ക് തുടക്കമായത്. നിലവില്‍ ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കും വീട്ട് ജോലിക്കാര്‍ക്കുമുള്ള വിസയാണ് നാട്ടില്‍ വൈദ്യപരിശോധന നടത്തി കോണ്‍സുലേറ്റില്‍ നിന്ന് നല്‍കുന്നത്. തിരുവനന്തപുരത്തും ന്യൂഡല്‍ഹിയിലുമാണ് ഇതിനുള്ള സൗകര്യമുള്ളത്. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളും തിരുവനന്തപുരത്ത കോണ്‍സുലേറ്റിനെയാണ് വിസക്കായി ആശ്രയിക്കുന്നത്. നേരത്തേ തൊഴില്‍വിസക്ക് അപേക്ഷിക്കുന്ന സ്പോണ്‍സര്‍ക്കും കമ്പനികള്‍ക്കുമാണ് തൊഴിലാളി യു.എ.ഇയിലേക്ക് യാത്ര ചെയ്യാനുള്ള എന്‍ട്രി പെര്‍മിറ്റ് നല്‍കിയിരുന്നത്. വിസയോ, ഇതിെൻറ പകര്‍പ്പോ നാട്ടിലുള്ള തൊഴിലാളിക്ക് അയച്ചുകൊടുക്കുകയും അതുമായി തൊഴിലാളി യു.എ.ഇയിലേക്ക് എത്തുന്നതുമായിരുന്നു രീതി. എന്നാല്‍ പുതിയ നടപടിക്രമം അനുസരിച്ച് സ്പോണ്‍സര്‍ക്കും കമ്പനികള്‍ക്കും എന്‍ട്രി പെര്‍മിറ്റിന് പകരം റഫറന്‍സ് കോഡാണ് ലഭിക്കുന്നത്.
ഈ കോഡ് നമ്പറും ഒറിജിനല്‍ പാസ്പോര്‍ട്ടുമായി നാട്ടിലെ യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയാല്‍ എന്‍ട്രി പെര്‍മിറ്റ് നേരിട്ട് തൊഴിലാളിക്ക് കൈപറ്റാം. ഈ നമ്പറും പാസ്പോര്‍ട്ടുമായി കേരളത്തിലെ അപേക്ഷകര്‍ ആദ്യം ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെൻറർ അസോസിയേഷന് (ഗാംക) ഓഫീസിത്തെി മെഡിക്കല്‍ പരിശോധനക്ക് അപേക്ഷിക്കണം. തുടർന്ന് ഇവര്‍ നിര്‍ദേശിക്കുന്ന മെഡിക്കല്‍ സെൻററില്‍ നിന്ന് ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഇതിന് 3600 രൂപ ചെലവ് വരും. കേരളത്തില്‍ കോഴിക്കോട്, തിരൂര്‍, മഞ്ചേരി, കൊച്ചി എന്നിവിടങ്ങളില്‍ ഗാംക അംഗീകൃത മെഡിക്കല്‍ കേന്ദ്രങ്ങളുണ്ട്.
മെഡിക്കല്‍ രേഖയും പാസ്പോര്‍ട്ടുമായാണ് തിരുവനന്തപുരം മണക്കാടുള്ള യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തേണ്ടത്. അവിടെ ആദ്യം മെഡിക്കല്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തും. ജൈവ വിവര പരിശോധന എന്നിവ നടത്തും.
ഇതിനായി പതിനായിരം രൂപയോളം ചെലവ് വരും. യു.എ.ഇയില്‍ കൂടി സ്വീകാര്യമായ അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡ് വഴിയാണ് തുക നല്‍കേണ്ടത്. പിന്നീട് തൊഴിലന്വേഷകനുമായി അധികൃതര്‍ അഭിമുഖം നടത്തും. പാസ്പോര്‍ട്ടും വിസയും കൈപറ്റാനായി എത്തേണ്ട ദിവസം അറിയിക്കും. ഈ ദിവസം കോണ്‍സുലേറ്റിലെത്തി വിസ പതിച്ച പാസ്പോര്‍ട്ട് കൈപ്പറ്റാം. 60 ദിവസം കാലാവധിയുള്ള എന്‍ട്രി പെര്‍മിറ്റാണ് പാസ്പോര്ട്ടില് പതിക്കുക. തൊഴിലാളി യു.എ.ഇയിലെത്തിയ ശേഷം വിസാ സ്റ്റാമ്പിംഗ് നടപടികള്‍ തുടരണം. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി കിട്ടുമെന്നും കൂടുതല്‍ മെച്ചപ്പെട്ട ജോലി തരപ്പെടുമെന്നും വിശ്വസിപ്പിച്ചാണ് എജൻറുമാര്‍ തൊഴില്‍ അന്വേഷകരെ വലയിലാക്കുന്നത്. ഇതില്‍ കൂടുതലും കുടുങ്ങുന്നത് കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അനധികൃതമായി ജോലി ചെയ്താല്‍ കനത്ത ശിക്ഷയാണ് ജോലി കൊടുത്തവനും ചെയ്തവനും ലഭിക്കുക. നിലവിലുള്ള നിയമപ്രകാരം അരലക്ഷം ദിര്‍ഹമാണ് പിഴ.