ജിമ്മി ജോര്‍ജ് സ്മാരക വോളി: എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ജേതാക്കള്‍
text_fieldsകേരള സോഷ്യല്‍ സെന്റര്‍ 24ാമത് ജിമ്മി ജോര്‍ജ് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ടീം
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ 24ാമത് ജിമ്മി ജോര്‍ജ് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റില്‍ എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ജേതാക്കളായി. അബൂദബി അല്‍ ജസീറ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് ( 25-19, 25-17, 25-21 ) ലിറ്റില്‍ സ്കോളര്‍ ദുബൈയെ പരാജയപ്പെടുത്തിയാണ് എല്‍.എല്‍.എച്ച് വിജയികളായത്. എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ എവര്‍ റോളിങ് ട്രോഫിയും 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. അയ്യൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15,000 ദിര്‍ഹവും റണ്ണേഴ്സപ്പിന് സമ്മാനിച്ചു. മികച്ച കളിക്കാരന്, ഒഫെന്ഡര്, ബ്ലോക്കര്‍, സെറ്റര്‍, ലിബറോ, ഭാവി വാഗ്ദാനം എന്നിവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സമാപന ചടങ്ങില്‍ വോളിബാള്‍ താരവും എം.എല്‍.എയുമായ മാണി സി. കാപ്പന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു.
ഇന്ത്യ, യു.എ.ഇ, ഈജിപ്ത്, ബ്രസീല്‍, കൊളംബിയ, ലബനന്, ക്യൂബ, റഷ്യ, സെര്‍ബിയ, യു.എസ്.എ, ഇറാന്, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍, ഓണ്‍ലി ഫ്രഷ് ദുബൈ, പാല സിക്സ് മദിന ദുബൈ, ശ്രീലങ്കന്‍ ഇന്റര്‍നാഷനല്‍ ടീം, ലിറ്റില്‍ സ്കോളര്‍ നഴ്സറി ദുബൈ, ഖാന് ക്ലബ് എന്നീ ആറ് ടീമുകളാണ് മാറ്റുരച്ചത്.
ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് വോളിബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഡോ. നരേന്ദ്ര (റീജനല്‍ ഡയറക്ടര്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്സ്), ഡോ. പത്മനാഭന് (ഡയറക്ടര്‍, ക്ലിനിക്കല്‍ എക്സലന്റ്), നന്ദകുമാര്‍ (ഡയറക്ടര്‍, മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ ലുലു ഗ്രൂപ്) തുടങ്ങിയവര്‍ പങ്കെടുത്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി, ജന. സെക്രട്ടറി കെ. സത്യന്, സ്പോര്‍ട്സ് സെക്രട്ടറി റഷീദ് അയിരൂര്‍, അസി. സ്പോര്‍ട്സ് സെക്രട്ടറി സുഭാഷ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

