ജിമ്മി ജോർജ് സ്മാരക റമദാൻ വോളി നാളെ മുതൽ
text_fieldsജിമ്മി ജോർജ് സ്മാരക റമദാൻ ഫുട്ബാൾ ടൂർണമെന്റിന്റെ ഭാഗമായി അബൂദബിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനം
അബൂദബി: കേരള സോഷ്യൽ സെന്റർ 24ാമത് ജിമ്മി ജോർജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബാൾ ടൂർണമെന്റ് ബുധനാഴ്ചമുതൽ ഞായറാഴ്ചവരെ നടക്കും. എല്ലാ ദിവസവും രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരങ്ങളിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എയർപോർട്ട് റോഡിൽ എമിഗ്രേഷൻ ബ്രിഡ്ജിന് പിൻവശത്തുള്ള ലിവ ഇന്റർനാഷനൽ സ്കൂൾ സ്റ്റേഡിയത്തിലാണ് മത്സരം. ബുർജീൽ ഹോൾഡിങ്സിന്റെ എൽ.എൽ.എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചാണ് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംസീർ വയലിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
ഇന്ത്യ, യു.എസ്.എ, യു.എ.ഇ, ഇറാൻ, പാകിസ്താൻ, ഈജിപ്ത്, ബ്രസീൽ, കൊളംബിയ, ലബനാൻ, ക്യൂബ, റഷ്യ, സെർബിയ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തർദേശീയ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. എൽ.എൽ.എച്ച് ഹോസ്പിറ്റൽ, ഓൺലി ഫ്രഷ് ദുബൈ, പാല സിക്സ് മദിന ദുബൈ, ശ്രീലങ്കൻ ഇന്റർനാഷനൽ ടീം, ലിറ്റിൽ സ്കോളർ നഴ്സറി ദുബൈ, ഖാൻ ക്ലബ് എന്നീ ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. എൽ.എൽ.എച്ച് ഹോസ്പിറ്റൽ എവർ റോളിങ് ട്രോഫിയും 20,000 ദിര്‍ഹവുമാണ് (ഏകദേശം 4.52 ലക്ഷം രൂപ) വിജയികള്‍ക്ക് സമ്മാനിക്കുക. അയൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15,000 ദിര്‍ഹവും(ഏകദേശം 3.39ലക്ഷം രൂപ) റണ്ണേഴ്സപ്പിന് ലഭിക്കും.
വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണാർഥം 1989ലാണ് അബൂദബി കേരള സോഷ്യൽ സെന്റർ ജിമ്മി ജോർജ് മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് ആരംഭിച്ചത്. വാർത്തസമ്മേളനത്തിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ബുർജീൽ ഹോൾഡിങ്സ് സി.ഒ.ഒ സഫീർ അഹമ്മദ്, ടൂർണമെന്റ് കോഓഡിനേറ്റർ ടി.എം. സലിം, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി കെ. സത്യൻ, ഫൈനാൻസ് കൺവീനർ അഡ്വ. അൻസാരി സൈനുദ്ദീൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

