ആഭരണ മോഷണം; യുവതിക്ക് 5,000 ദിർഹം പിഴ
text_fieldsദുബൈ: ജ്വല്ലറിയിൽനിന്ന് സ്വർണ നെക്ലേസ് മോഷ്ടിച്ച കേസിൽ യുവതിക്ക് ദുബൈ മിസ്ഡിമീനിയർ കോടതി 5,000 ദിർഹം പിഴ ചുമത്തി. ജ്വല്ലറിക്ക് നഷ്ടപരിഹാരമായി 10,000 ദിർഹം നൽകാനും കോടതി നിർദേശിച്ചു. യൂറോപ്യൻ യുവതിക്കാണ് ശിക്ഷ ലഭിച്ചത്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ജ്വല്ലറിയിലെ സെയിൽസ് ജീവനക്കാരിയാണ് യൂറോപ്യൻ യുവതിക്കെതിരെ പരാതി നൽകിയത്.
തന്റെ ശ്രദ്ധ തെറ്റിയ ഉടനെ യുവതി സ്വർണ നെക്ലേസുമായി കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി. സി.സി.ടി.വി പരിശോധിച്ചതിൽനിന്ന് യുവതി ഹാൻഡ്ബാഗിൽ ആഭരണം ഒളിപ്പിക്കുന്നതായി വ്യക്തമായി. തുടർന്ന് സ്റ്റോർ മാനേജർ ദുബൈ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. സുരക്ഷാ കാമറകൾ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിയുകയും അതിവേഗത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ, താൻ മനപ്പൂർവം ചെയ്തതല്ലെന്നും ഷോപ്പിങ്ങിനിടെ സഹോദരിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ തിരക്കിട്ട് ഷോപ്പിൽനിന്ന് പോയതാണെന്നും മൊഴി നൽകി. എന്നാൽ, ഇക്കാര്യം കോടതി അംഗീകരിച്ചില്ല. പ്രതി മനപ്പൂർവം കുറ്റകൃത്യം ചെയ്തതായാണ് വിഡിയോ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാവുന്നതെന്ന് ചൂണ്ടിക്കാണിച്ച കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

