ജബല്‍ ജെയ്സ് തുറക്കുന്നു
text_fieldsറാസല്‍ഖൈമ: കനത്ത മഴയത്തെുടര്‍ന്ന് അടച്ചിട്ട ജബല്‍ ജെയ്സ് പാത ഞായറാഴ്ച് തുറക്കുന്നു. ഡിസംബറില്‍ അവസാന വാരമുണ്ടായ മലവെള്ളപ്പാച്ചിലില്‍ മലമുകളിലേക്ക് പാതയില്‍ ഗതാഗത തടസ്സം രൂപപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് സന്ദര്‍ശകരെ വിലക്കിയ അധികൃതര്‍ ദ്രുതവേഗത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് ജനുവരി 31 മുതല്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി തണുപ്പ് കൂടിയ ദിനങ്ങളില്‍ ജബല്‍ ജെയ്സില്‍ എത്തിപ്പെടാന്‍ കഴിയാത്ത നിരാശയിലായിരുന്നു സഞ്ചാരികള്‍.
ജെയ്സ് മലനിരയിലേക്കുള്ള യാത്രയില്‍ ഊഷര കാഴ്ച്ചകള്‍ സമ്മാനിക്കുന്ന പാറമടക്കുകളും തടയണകളും താഴ്വാരങ്ങളും തണുപ്പെത്തിയതോടെ കോടമഞ്ഞിന്‍ അഴകിലാണ്. പര്‍വത നിര്‍വചനത്തിൽപെടുന്ന 900 മീറ്ററലധികം ഉയരവും ഉപരിതലത്തിന്‍റെ പകുതി ഭാഗം ചെങ്കുത്തായ ചരിവുമുള്ള ഭൂപ്രദേശങ്ങള്‍ യു.എ.ഇയില്‍ ഏറെയുണ്ടെങ്കിലും സാധാരണക്കാര്‍ ഇവിടങ്ങളില്‍ എത്തിപ്പെടാറില്ല. വിശാലമായ റോഡ് വന്നതോടെയാണ് സാധാരണക്കാരുടെയും ഇഷ്ട വിനോദ കേന്ദ്രമായി ജബല്‍ ജെയ്സ മാറിയത്. പ്രകൃതിയുടെ അതിജീവനം സാധ്യമാക്കുന്ന പര്‍വത നിരകള്‍ സന്ദര്‍ശകരുടെ ആസ്വാദന കേന്ദ്രങ്ങളില്‍ പ്രധാനമാണ്.
സമുദ്രനിരപ്പില്‍ നിന്ന് 1737 മീറ്റര്‍ ഉയരത്തിലാണ് ജയ്സ് മലനിരയുടെ സ്ഥാനം. റാസല്‍ഖൈമയുടെ വിനോദ വ്യവസായ രംഗത്ത് വന്‍ പുരോഗതി സാധ്യമാക്കിയ ജബല്‍ ജൈസ് റോഡ് നിര്‍മാണമാരംഭിച്ചത് 2004 ഒക്ടോബറിലാണ്. അന്നത്തെ റാസല്‍ഖൈമ ഉപഭരണാധിപനായിരുന്ന ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയാണ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്പ് ലൈന്‍, യു.എ.ഇയിലെ ഉയരത്തിലുള്ള റസ്റ്റോറന്‍റ് തുടങ്ങി സാഹസിക സഞ്ചാരികള്‍ക്കായുള്ള വിനോദ കേന്ദ്രങ്ങളും ജബല്‍ ജെയ്സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുമ്പ് ജബൽ ജയ്സിൽ താപനില പൂജ്യത്തിന് താഴേക്ക് വന്നതോടെ സന്ദർശകർ വലിയ ആകാംഷയിലാണ്. ശൈത്യകാലത്ത് യു.എ.ഇയിലെത്തുന്നവരുടെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ജബൽ ജെയ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

