ജെ.സി.സി ഒന്നാം വാർഷികം ആഘോഷിച്ചു
text_fieldsഫുജൈറ: ജവഹർ ചിൽഡ്രൻസ് ക്ലബ് (ഇൻകാസ്-ജെ.സി.സി) രൂപീകൃതമായതിന്റെ ഒന്നാം വാർഷികം കുട്ടികളും ഭാരവാഹികളും ചേർന്ന് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ആഘോഷിച്ചു. ജെ.സി.സി പ്രസിഡന്റ് അനുരഞ്ജ് സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മുഖ്യരക്ഷാധികാരിയും ഇൻകാസ് ഫുജൈറ പ്രസിഡന്റുമായ ജോജു മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗാത്മകതയും നേതൃത്വഗുണങ്ങളും വളർത്തുന്നതിൽ ജെ.സി.സി കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഒരു വർഷം മുമ്പ് ലുലു ഫുഡ് കോർട്ടിൽ നടന്ന ആദ്യ ആലോചനായോഗത്തിൽ ആരംഭിച്ച കൂട്ടായ്മ ഇന്ന് 200-ലധികം കുട്ടികളുടെ സൗഹൃദത്തിന്റെയും കഴിവുകളുടെയും നേതൃത്വത്തിന്റെയും വേദിയായി വളർന്നതിൽ അഭിമാനമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജെ.സി.സി സഹരക്ഷാധികാരിയും ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ജനറൽ സെക്രട്ടറിയുമായ സഞ്ജീവ് മേനോൻ പറഞ്ഞു. അനുരഞ്ജ് സന്തോഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അന്ന എലിസബത്ത് ജിനീഷ് സ്വാഗതം പറഞ്ഞു.
ജെ.സി.സി കോഓഡിനേറ്റർ കെ.സി. സ്മിത ആമുഖപ്രഭാഷണം നടത്തി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറിയുമായ അനീഷ് ആന്റണി, ബിൻസി എസ്. പോൾ എന്നിവർ സംസാരിച്ചു. ട്രഷറർ ആന്റണി മനു നന്ദി പറഞ്ഞു.
വൈസ് പ്രസിഡന്റ് അൽ ആമീൻ, ജോ. സെക്രട്ടറി നെയ്തൻ ജോ റോണി, ആർട്സ് കോർഡിനേറ്റർ ഡെയിൻ ബിജോയ്, സ്പോർട്സ് കോർഡിനേറ്റർ നിദാൽ നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചീഫ് കോർഡിനേറ്റർ ഷജിൽ വടക്കേകണ്ടി, വിബ്ജിയോർ അഡ്വൈസർമാരായ വിജി സന്തോഷ്, നസീറ റാഫി, ജിജി ജിനീഷ്, റോജിനി വിനീഷ്, രഞ്ജിത്ത് രാജേന്ദ്രബാബു, രേഷ്മ റിനു എന്നിവർ സംബന്ധിച്ചു.

