ദുരന്തത്തിൽപ്പെട്ട യുവാക്കളെ രക്ഷിച്ച ജവഹറിന് ആഭ്യന്തര മന്ത്രാലയത്തിെൻറ ആദരം
text_fieldsറാസല്‍ഖൈമ: വാഹനാപകടത്തിനിടെ തീപടര്‍ന്ന് മരണത്തെ മുഖാമുഖം കണ്ട ഇന്ത്യന്‍ യുവാക്കള്‍ക്ക് രക്ഷാഹസ്തം നീട്ടിയ അജ്മാന്‍ സ്വദേശിനി ജവഹര്‍ സൈഫ് അൽ ഖുമൈത്തിയെ യു.എ.ഇ ആഭ്യന്തര മന്ത്രാലയം ആദരിച്ചു. 22കാരിയുടെ സാഹസിക മനോഭാവമാണ് ദുരന്തത്തില്‍ ഏഷ്യന്‍ വംശജര്‍ക്ക് തുണയായതെന്ന് ജവഹറിന് പ്രശസ്തി ഫലകം സമ്മാനിച്ച് റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദി പറഞ്ഞു. തികച്ചും അപരിചിതരായ ആളുകൾക്ക് ഒരു ശങ്കയും കൂടാതെ സഹായമരുളിയ ജവഹർ സമൂഹത്തിന് മാതൃകയും രാജ്യത്തിന് അഭിമാനവുമാണ്.
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യമുള്ളവരെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സേവകര്‍ക്കായി പ്രത്യേക പരിശീലനം ഒരുക്കാൻ പദ്ധതിയുണ്ടെന്നും അബ്ദുല്ല ഖമീസ് വ്യക്തമാക്കി. റാക് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിവിധ ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു.
അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ യുവാക്കളെ യു.എ.ഇ വനിത രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, സ്ത്രീ ആരെന്ന് വ്യക്തമായിരുന്നില്ല. അന്വേഷണത്തിനൊടുവിലാണ് ജവഹര്‍ ആണ് ധീരകൃത്യം നിർവഹിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.
ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നയാളെ സന്ദര്‍ശിച്ച് സുഹൃത്തിനൊപ്പം അജ്മാനിലേക്ക് മടങ്ങവെയാണ് പ്രാണനുവേണ്ടി പിടയുന്ന യുവാക്കളെ കണ്ടതും ജീവൻ പണയം വെച്ച് സഹായിച്ചതും. സുഹൃത്തിെൻറ പര്‍ദയുമായി യുവാക്കളുടെ സമീപത്തേക്ക് പാഞ്ഞെത്തുകയായിരുന്നു ജവഹര്‍. പഞ്ചാബ് കപൂര്‍ത്തലയില്‍ നിന്നുള്ള 24കാരായ ജഗ്പാല്‍ സിംഗ്, ഹര്‍കിരത്ത് ഹര്‍ജീന്ദര്‍ സിംഗ് എന്നിവരാണ് ദുരന്തത്തിലകപ്പെട്ടത്. ഇരുവരും റാക് സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
