‘ഗൾഫ് മാധ്യമം’ വാർത്ത തുണയായി; ജാസിമിനെ ഇന്ന് നാട്ടിലെത്തിക്കും
text_fieldsദുബൈ: കട്ടിലിൽനിന്നു വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിലമ്പൂർ സ്വദേശി ജാസിം അലിയെ (31) ശനിയാഴ്ച നാട്ടിലെത്തിക്കും. ജാസിമിന്റെ ദുരിതാവസ്ഥ വിവരിച്ച് ‘ഗൾഫ് മാധ്യമം’ നൽകിയ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റും സാമൂഹിക പ്രവർത്തകരും വ്യവസായികളും ഇടപെട്ടാണ് ജാസിമിനെ നാട്ടിലെത്തിക്കുന്നത്. ഉച്ചക്ക് 12നുള്ള വിമാനത്തിലാണ് നാട്ടിലേക്ക് അയക്കുന്നത്. ഇന്ത്യൻ കോൺസുലേറ്റ് ഏർപ്പെടുത്തിയ നഴ്സ് ജാസിമിനൊപ്പമുണ്ടാകും.
ഈ മാസം ഏഴിനാണ് അപസ്മാരം ബാധിച്ച് ഡബ്ൾ ഡെക്കർ കട്ടിലിൽനിന്ന് വീണ ജാസിം അലിയെ ദുബൈ എൻ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജോലി തേടി യു.എ.ഇയിൽ എത്തിയ ജാസിം സന്ദർശക വിസയിലായതിനാൽ ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ആശുപത്രി ബിൽ 50,000 ദിർഹമും കഴിഞ്ഞ് കുതിക്കുകയായിരുന്നു.
തലച്ചോറിൽ രക്തസ്രാവമുള്ളതിനാൽ ശസ്ത്രക്രിയപോലും വേണ്ടി വന്നേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, പാതി അബോധാവസ്ഥയിൽ കഴിഞ്ഞ ജാസിമിന് ആശുപത്രി ബിൽ പോലും അടക്കാൻ പണമുണ്ടായിരുന്നില്ല. ജാസിമിന്റെ ദുരിതം ‘ഗൾഫ് മാധ്യമം’ വാർത്തയാക്കിയതോടെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അടക്കമുള്ളവർ ഇടപെട്ടു.
നസീറിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ബില്ലിൽ ഇളവ് നൽകാൻ തീരുമാനമായി. എങ്കിലും, വൻ തുക ബില്ലായി അടക്കേണ്ടതുണ്ടായിരുന്നു. ഇതിൽ നല്ലൊരു ശതമാനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏറ്റെടുത്തു. ഇതോടെയാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ലഭിച്ചത്. വൻ തുക ചെലവാകുന്ന മെഡിക്കൽ എക്സ്കോർട്ടും വിമാന ടിക്കറ്റ് ചെലവും ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഏറ്റെടുത്തു.
കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകളും കഴിയുന്ന സഹായങ്ങൾ ചെയ്തു. സുഹൃത്ത് ആഷിഖിന്റെ നേതൃത്വത്തിലായിരുന്നു ദുബൈയിലെ പരിചരണം. ബോധം തെളിഞ്ഞെങ്കിലും പരസഹായമില്ലാതെ എഴുന്നേറ്റുനടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജാസിം. കാഴ്ച പഴയനിലയിലേക്ക് എത്തിയിട്ടില്ല. നാട്ടിലെത്തിയാലും മെഡിക്കൽ കോളജിൽ ചികിത്സ തേടേണ്ടിവരും. സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ജാസിമിന് നാട്ടിലെത്തിയാലും സുമനസ്സുകളുടെ സഹായം ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

