ആ മോഹസമ്മാനം ജസീലിന്‍റെ ഗുൽമോഹർ ചിത്രത്തിന്; ദുബൈ കൾച്ചർ അതോറിറ്റിയുടെ ഫോട്ടോഗ്രാഫി മത്സരത്തിൽ മലയാളിക്ക് ഒന്നാം സ്ഥാനം
text_fieldsഒന്നാം സമ്മാനർഹമായ ജസീലിന്‍റെ ചിത്രം
ദുബൈ: മലയാളിയുടെ ഗൃഹാതുര ചിന്തകളിൽ ചെന്നിറം പടർത്തുന്ന ഗുൽമോഹർ പൂക്കളുടെ പടമെടുപ്പ് മത്സരം ദുബൈ അധികൃതർ സംഘടിപ്പിച്ചപ്പോൾ മോഹിപ്പിക്കുന്ന ഒന്നാം സമ്മാനത്തിലേക്ക് മലയാളിയുടെ ക്ലിക്ക്. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ഒരുക്കിയ 'ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രാഫി മത്സര’ത്തിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ജസീൽ പെരളശ്ശേരി ഒന്നാം സ്ഥാനക്കാരനുള്ള 15,000 ദിർഹമിന്‍റെ (ഏകദേശം മൂന്നേമുക്കാൽ ലക്ഷം രൂപ) കാഷ് പ്രൈസ് സ്വന്തമാക്കിയത്. നഗരത്തിലെ തെരുവുകളും പാർക്കുകളും ഫ്ലേം ട്രീകളുടെ ചെന്നിറത്താൽ തിളങ്ങിനിൽക്കുന്ന അവസരത്തിലാണ് ആ വസന്തഭംഗി കാമറയിലാക്കാൻ ദുബൈയിലെ താമസക്കാരെയും സന്ദർശകരെയും അധികൃതർ ക്ഷണിച്ചത്.
ഒരുവർഷം മുമ്പ് ദുബൈയിലെത്തിയ ജസീൽ ഫോട്ടോഗ്രാഫി-വിഡിയോഗ്രാഫി മേഖലയിൽ സജീവമാണ്. സ്വന്തമായി ലോജിസ്റ്റിക്സ് ബിസിനസ് നടത്തുന്നതിനിടയിലും കണ്ടന്‍റ് ക്രിയേഷൻ, വിഡിയോഗ്രാഫി എന്നിവയോടുള്ള അഭിനിവേശം കാരണമാണ് അതിൽ ശ്രദ്ധ ചെലുത്തുന്നത്. 28കാരനായ ജസീൽ ആദ്യമായാണ് ഒരു ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുത്തത്. അതിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ജസീൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. എട്ടു വർഷമായി ഫോട്ടോഗ്രാഫി മേഖലയിലുണ്ട്. യൂട്യൂബ് വിഡിയോകളിൽനിന്നാണ് ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ പഠിച്ചതെന്നും ജസീൽ പറയുന്നു.
ജസീൽ
ദുബൈയിലെ ‘അൽ ജദ്ദാഫ് വാക്കി’ൽനിന്നാണ് സമ്മാനാർഹമായ ചിത്രം പകർത്തിയത്. സുഹൃത്തുകൂടിയായ ഫുട്ബാളിൽ ഫ്രീസ്റ്റൈലിസ്റ്റ് ഹാദിയയാണ് ചിത്രത്തിലുള്ളത്. പന്തീരാങ്കാവ് സ്വദേശിയായ അബ്ദുൽ അസീസിന്‍റെയും ഖദീജയുടെയും മകനാണ് ജസീൽ.
ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്‍റനാഷനൽ ഫോട്ടോഗ്രാഫി അവാർഡുമായി സഹകരിച്ച് ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ മൊത്തം 30,000 ദിർഹത്തിന്‍റെ കാഷ് പ്രൈസാണുള്ളത്. രണ്ടാം സമ്മാനാർഹന് 10,000 ദിർഹവും മൂന്നാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 5,000 ദിർഹവുമാണ് സമ്മാനം. തൃശൂർ സ്വദേശിക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്.
ഗുൽമോഹർ, വാക, മേയ് ഫ്ലവർ എന്ന പേരുകളിലൊക്കെ മലയാളിക്ക് സുപരിചിതമായ ഫ്ലേം ദുബൈ നഗരവഴികളുടെ അലങ്കാരമാണിന്ന്. നാട്ടിൽ വൻമരങ്ങളായാണ് അവ വളരുന്നതെങ്കിൽ ദുബൈയിൽ വലിയ ഉയരമില്ലാത്ത ചെറുമരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

