സ്റ്റാർട്ടപ്പുകൾക്ക് വഴിയൊരുക്കി ജലീൽ ഹോൾഡിങ്സ്
text_fieldsജലീൽ ഹോൾഡിങ്സ് താജ് ഡൗൺടൗൺ ദുബൈ ഹോട്ടലിൽ നടത്തിയ സ്റ്റാർട്ടപ്പുകളുടെ സംഗമത്തിൽ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാൻ, ജലീൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് എന്നിവർ
ദുബൈ: ഭക്ഷ്യ വ്യവസായ രംഗത്തെ നൂതന സ്റ്റാർട്ടപ്പുകളെ പരിചയപ്പെടാനും അവർക്ക് നിക്ഷേപങ്ങൾ ആകർഷിക്കാനുമുള്ള മികച്ച വേദിയൊരുക്കി യു.എ.ഇയിലെ പ്രമുഖ മൊത്ത വ്യാപാര, വിതരണ സ്ഥാപനമായ ജലീൽ ഹോൾഡിങ്സ്. കേരള സ്റ്റാർട്ടപ് മിഷൻ, സ്റ്റാർട്ടപ് ടി.എൻ, സ്റ്റാർട്ടപ് മിഡിലീസ്റ്റ് എന്നിവയുമായി സഹകരിച്ച് താജ് ഡൗൺടൗൺ ദുബൈ ഹോട്ടലിൽ നടത്തിയ സ്റ്റാർട്ടപ്പുകളുടെ സംഗമത്തിൽ കേന്ദ്ര മന്ത്രിമാർ, വ്യവസായ രംഗത്തെ വിഗദ്ധർ, സംരംഭകർ, നിക്ഷേപകർ, ദുബൈയിലെ ബിറ്റ്സ് പിലാനിയിലേയും ജെംസ് മോഡേൺ അക്കാദമിയിലേയും വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷ്യ വ്യവസായ രംഗത്തെ വളർച്ച, വെല്ലുവിളികൾ, സാധ്യതകൾ എന്നിവ സംഗമത്തിൽ ചർച്ചയായി. ഭക്ഷ്യ സംസ്കരണം, വിതരണം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സ്റ്റാർട്ടപ്പുകളുടെ പങ്ക്, നിക്ഷേപ അവസരങ്ങൾ, യു.എ.ഇയിലേയും മിഡിലീസ്റ്റിലേയും അതിർത്തികൾ കടന്നുള്ള സഹകരണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് നടന്ന ചർച്ചകളിൽ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാൻ മുഖ്യാതിഥിയായി.
യുവാക്കളുടെ ശാക്തീകരണം, നൂതനമായ സഹകരണങ്ങൾ, ഭക്ഷ്യ സ്റ്റാർട്ടപ് രംഗത്ത് നിക്ഷേപങ്ങളുടെ പ്രധാന്യം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ മിഡിലീസ്റ്റിലെ ഇന്ത്യൻ ഭക്ഷ്യ സ്റ്റാർട്ടപ്പുകളുടെ സാധ്യതകളെക്കുറിച്ചും മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് വൻകിട ബിസിനസ് സ്ഥാപനങ്ങളിൽനിന്നും നിക്ഷേപകരിൽ പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഉഭയകക്ഷി വ്യാപാരത്തിൽ ഭക്ഷ്യ മേഖലയുടെ സംഭാവന 300 കോടി ഡോളറാണെന്ന് സംഗമത്തിൽ സംസാരിച്ച ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു.
ഇത് ഇന്ത്യ-യു.എ.ഇ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വളർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും സ്റ്റാർട്ടപ്പുകളെ പിന്തുണക്കുന്നതിൽ ജലീൽ ഹോൾഡിങ്സിന് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർട്ടപ്പുകളെ കൈപിടിച്ചുയർത്താനും ഭക്ഷ്യ വ്യവസായത്തെ പുനർനിർവചിക്കാനുള്ള അവസരം നൽകാനും തയാറാണെന്ന് ജലീൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് പറഞ്ഞു. അബൂദബി ഫുഡ് ഹബ് സി.ഇ.ഒ സുരേഷ് വൈദ്യനാഥൻ, ഗൾഫ് ഇസ്ലാമിക ഇൻവെസ്റ്റ്മെന്റ്സ് (ജി.ഐ.ഐ) സീനിയർ വൈസ് പ്രസിഡന്റ് വൈഭവ് കോതാരി തുടങ്ങിയവരും സംഗമത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

