തണുപ്പെത്തി, തിരക്കിലമര്‍ന്ന് ജബല്‍ ജെയ്സ്
text_fieldsറാക് ജബല്‍ ജെയ്സ് പാതയില്‍ ശനിയാഴ്ച വൈകുന്നേരം രൂപപ്പെട്ട വാഹനങ്ങളുടെ നീണ്ട നിര
റാസല്‍ഖൈമ: ഈദുല്‍ ഇത്തിഹാദ് അവധി ദിനങ്ങള്‍ക്കൊപ്പം തണുപ്പ് വിരുന്നെത്തിയതോടെ യു.എ.ഇയുടെ പ്രകൃതിദത്ത വിനോദ കേന്ദ്രമായ ജെയ്സ് പർവതനിര ജനനിബിഡം. റാക് അല്‍ ബറൈറാത്തില്നിന്ന് 50 മിനിറ്റില്‍ എത്താവുന്ന ദൂരത്തിലാണ് ജബല്‍ ജെയ്സ് സ്ഥിതി ചെയ്യുന്നത്. ദേശീയ ദിന അവധിയുടെ ആദ്യ ദിനം തന്നെ ജബല്‍ ജെയ്സിലേക്കുള്ള പാത സന്ദര്‍ശക തിരക്കില്‍ നിറഞ്ഞു. 2-3 മണിക്കൂര്‍ സമയമെടുത്താണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സന്ദര്‍ശകര്‍ക്ക് ജബല്‍ ജെയ്സ് ആസ്വാദനം സാധ്യമായത്. 7-10 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിലെ രാത്രികളില്‍ ജബല്‍ ജെയ്സില്‍ രേഖപ്പെടുത്തിയത്.
റാക് ജബല്‍ ജെയ്സില്‍ നിന്നുള്ള പ്രഭാത കാഴ്ച
രണ്ടാഴ്ച മുമ്പ് റാക് ജബല്‍ ജെയ്സിന്റെ മനോഹാരിത ആസ്വദിച്ച് യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ഇവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 1737 മീറ്റര്‍ ഉയരത്തിലുള്ള റാസല്‍ഖൈമയിലെ ജെയ്സ് മലനിര വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ സാഹസിക സഞ്ചാരികള്‍ക്ക് മാത്രം പ്രാപ്യമായിരുന്നു.
റോഡ് നിര്‍മിച്ചതോടെ ജബല്‍ ജെയ്സിനെ സാധാരണ സന്ദര്‍ശകരും ഏറ്റെടുത്തു. 2004ല്‍ റാക് ഉപഭരണാധിപനായിരുന്ന ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് ജബല്‍ ജെയ്സ് റോഡ് നിര്‍മാണം തീരുമാനിച്ചത്. 2005ല്‍ റോഡ് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി. ഇടക്കാലത്ത് സാമ്പത്തിക മാന്ദ്യം പാതയുടെ നിര്‍മാണ വേഗം കുറച്ചെങ്കിലും 2016ഓടെ പൂര്‍ത്തിയായി.
തുടര്‍ന്ന് ഘട്ടംഘട്ടമായ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളും നടന്നു. നിലവില്‍ ഒരേ സമയം നൂറുകണക്കിന് സന്ദര്‍ശകരെ സ്വീകരിക്കുന്ന സ്ഥലമായി റാക് ജബല്‍ ജെയ്സ് മാറി. പാതകള്‍ക്കിരുവശവും നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഗിരിശൃംഗങ്ങളാണ് യാത്രയിലെ ‘ഹൈലൈറ്റ്’.
നിശ്ചിത ദൂരങ്ങള്‍ക്കിടയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വിശ്രമത്തിനും ബാര്ബിക്യൂവിനുമെല്ലാമുള്ള സൗകര്യമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് അതിപ്രാധാന്യമാണ് അധികൃതര്‍ ഈ മേഖലക്ക് നല്‍കുന്നത്. ചെറിയ വസ്തുക്കള്‍ വരെ അലക്ഷ്യമായി നിക്ഷേപിക്കുന്നവര്‍ക്ക് പിഴയൊടുക്കേണ്ടി വരുമെന്നുറപ്പ്. ലോകത്തിലെ തന്നെ നീളമേറിയ സിപ്പ് ലൈന്‍, യു.എ.ഇയില്‍ സമുദ്രനിരപ്പില്‍ ഏറ്റവും ഉയത്തിലുള്ള റസ്റ്റാറന്റ് തുടങ്ങിയ ഖ്യാതിയും ജബല്‍ ജെയ്സിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

