Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേനലാണ്​..വാഹനങ്ങളെ...

വേനലാണ്​..വാഹനങ്ങളെ കരുതണം

text_fields
bookmark_border
വേനലാണ്​..വാഹനങ്ങളെ കരുതണം
cancel

ദുബൈ: വേനൽക്കാലത്ത് വാഹനങ്ങളുടെ കൃത്യമായ പരിശോധനകളും പതിവ് അറ്റകുറ്റപ്പണികളും നടത്താൻ നിർദേശിച്ച്​ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). ഉയർന്ന ചൂട്​ വാഹനങ്ങളുടെ കൂളിങ്​ സിസ്റ്റത്തെയും ടയർ മർദത്തെയും കൂടുതൽ ബാധിക്കുന്നതിനാൽ അതീവ ശ്രദ്ധ പുലർത്തണം. യു.എ.ഇയിലുടനീളമുള്ള ട്രാഫിക് വകുപ്പുകളുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം വർഷം തോറും നടത്തുന്ന ദേശീയ സുരക്ഷിത വേനൽക്കാല കാമ്പെയിന്‍റെ ഭാഗമാണിതെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ ട്രാഫിക് വിഭാഗം ഡയറക്ടർ അഹമ്മദ് അൽ ഖസൈമി പറഞ്ഞു.

‘വാഹനത്തിന്‍റെ കാര്യക്ഷമതയും ടയറിന്‍റെ അവസ്ഥയും പതിവായി പരിശോധിക്കണം. ഇതുവഴി പെട്ടെന്നുണ്ടാകുന്ന തകരാറുകളും റോഡിലെ അപ്രതീക്ഷിത നിർത്തലുകളും ഒഴിവാക്കാം. ഗുരുതരമായ ട്രാഫിക് അപകടങ്ങൾ തടയാനും സാധിക്കും. യാത്ര ആരംഭിക്കുന്നതിന് മുൻപ് ടയർ പ്രഷർ, എഞ്ചിൻ ഓയിൽ, റേഡിയേറ്റർ കൂളന്‍റ്​ ലെവലുകൾ എന്നിവ പരിശോധിക്കണം. വാഹനത്തിന് അടിയിൽ വെള്ളമോ ഓയിലോ ചോരുന്നില്ലെന്ന് ഉറപ്പാക്കണം. ഇത്​ ദൈനംദിന ശീലമാക്കണം’ -അഹമ്മദ് അൽ ഖസൈമി പറഞ്ഞു.

കുട്ടികളെ വാഹനങ്ങൾക്കുള്ളിൽ തനിച്ചാക്കി പോകുന്നതിലെ ഗുരുതരമായ അപകടത്തെക്കുറിച്ചും അൽ ഖസൈമി മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. എയർ കണ്ടീഷനിങ്​ സിസ്റ്റം പ്രവർത്തിക്കുന്നുണ്ടെങ്കിൽ പോലും, വാഹനത്തിനുള്ളിലെ ചൂട് കൂടുന്നത് മിനിറ്റുകൾക്കുള്ളിൽ ശ്വാസംമുട്ടലിനും മരണത്തിനും കാരണമാകും.

ഡ്രൈവർമാർക്കുള്ള വേനൽക്കാല മാർഗനിർദേശങ്ങൾ:

എയർ കണ്ടീഷനിങ്​ കാര്യക്ഷമത: എയർ കണ്ടീഷനിംഗ് സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ചൂടുള്ള ദിവസങ്ങളിൽ കാബിൻ ഫലപ്രദമായി തണുപ്പിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.

ഫ്ലൂയിഡുകളും ഓയിലുകളും: വേനൽക്കാലത്ത് എഞ്ചിൻ താപനില ഗണ്യമായി ഉയരുന്നതിനാൽ എഞ്ചിൻ ഓയിൽ, കൂളന്‍റ്​ ലെവലുകൾ എന്നിവ പതിവായി നിരീക്ഷിക്കുക.

ടയർ സുരക്ഷ: ഉയർന്ന താപനിലയിൽ പെട്ടെന്ന് ടയർ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാൻ ടയറുകളിൽ ശരിയായ മർദമുണ്ടെന്നും അവ കേടുപാടുകളോ വിള്ളലുകളോ ഇല്ലാത്തതാണെന്നും ഉറപ്പാക്കുക.

ബ്രേക്കിങ്​ സിസ്റ്റം: ബ്രേക്ക് സിസ്റ്റം പതിവായി പരിശോധിക്കുകയും കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ ഉടനടി മാറ്റുകയും ചെയ്യുക.

വാഹനത്തിന്‍റെ വൃത്തിയും കാഴ്ചയും: വാഹനം അകത്തും പുറത്തും വൃത്തിയായി സൂക്ഷിക്കുന്നത് തകരാറുകളും ചോർച്ചകളും നേരത്തെ കണ്ടെത്താൻ സഹായിക്കും. ഡ്രൈവിങ്​ സമയത്ത് വ്യക്തമായ കാഴ്ച ഉറപ്പാക്കാൻ വിൻഡ്‌സ്‌ക്രീൻ, പിൻ വശത്തെ ഗ്ലാസ്, ലൈറ്റുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കണം.

വാഹനത്തിന്‍റെ സംരക്ഷണം: ദീർഘനേരം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന രീതിയിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക, സാധ്യമാകുന്നിടത്തെല്ലാം തണലുള്ള പാർക്കിങ്​ ഉപയോഗിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - It's summer...we need to take care of our vehicles
Next Story