എന്നും മഴ പെയ്യുന്നൊരിടമുണ്ട്, ഷാർജയിൽ...
text_fieldsചൂട് താങ്ങാവുന്നതിലുമപ്പുറമാവുമ്പോൾ നാട്ടിലെ കുളിരുകോരുന്ന മഴ നിങ്ങൾക്ക് മിസ്സ് ചെയ്യുന്നുണ്ടോ... ഒരിക്കലും അവസാനിക്കാത്ത കുളിരുള്ള മഴ ആസ്വദിക്കാൻ കൊതിക്കുന്നവർക്ക്, നനയാതെ മഴയുടെ മനോഹാരിത കൺകുളിർക്കെ ആസ്വദിക്കാനും മഴയോർമ്മകൾ അയവിറാക്കാനും ഷാർജയിലെ റെയിൻ റൂമിലേക്ക് പോരൂ. 2500 ലിറ്റർ വെള്ളത്തിന്റെ ഒരിക്കലും അവസാനിക്കാത്ത മഴക്ക് കീഴിൽ കുട ചൂടാതെ നടക്കാം. ഷാർജ റോളയിൽ അൽ മജാറ പാർക്കിന് സമീപമാണ് ഈ മഴമുറി ഒരുക്കിയിട്ടുള്ളത്. താഴെത്തുന്ന വെള്ളം പാഴാവാതെ ശുദ്ധീകരിച്ചാണ് വീണ്ടും മഴയായി പെയ്യുന്നത്.
ഷാർജ ആർട്ട് ഫൗണ്ടേഷനുവേണ്ടി ലോകോത്തര കലാകാരന്മാർ ചേർന്നൊരുക്കിയ റെയിൻ റൂം അത്യാധുനികമായ ത്രീഡി ട്രാക്കിങ് സംവിധാനമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ശില്പം, പ്രകടനം, വലിയ തോതിലുള്ള വാസ്തുവിദ്യ ഇൻസ്റ്റലേഷൻ എന്നിവ ഉൾപ്പെടുന്ന ലണ്ടൻ ആർട്ട് ഫൗണ്ടേഷന്റെ ഈ അത്ഭുതം കാണാൻ നിരവധി പേർ ഇവിടെയെത്തുന്നുണ്ട്. നനയാതെ മഴത്തുള്ളികൾക്കിടയിലൂടെ നടക്കാം എന്നതാണ് ഇവിടുത്തെ മഴയുടെ പ്രത്യേകത. ഇവിടെ സ്ഥാപിച്ചിട്ടുള്ള ത്രീഡി ട്രാക്കിങ് കാമറകളും അത്യാധുനിക സെൻസറുകളുമാണ് നനഞ്ഞ് കുതിരാതെ സന്ദർശകരെ രക്ഷിക്കുന്നത്. ഇവയുടെ നിയന്ത്രണത്തിലുള്ള ഇടങ്ങളിലൂടെയാണ് നടക്കേണ്ടത്.
മഴമുറിയിലെത്തുന്നവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് കാമറകളും സെൻസറുകളും ആ ഭാഗത്തുള്ള മഴച്ചാറ്റൽ നിയന്ത്രിക്കും. പക്ഷേ, സെൻസറുകൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിലും വേഗത്തിൽ നടന്നാൽ നനയാനും സാധ്യതയുണ്ട്. ലോകത്ത് പലയിടത്തും മഴമുറികളുണ്ടെങ്കിലും അതെല്ലാം താൽകാലികം മാത്രമാണ്. റാൻഡം ഇന്റർനാഷണലിന്റെ ഈ പ്രോജക്റ്റിന്റെ ആദ്യത്തെ സ്ഥിരം ഇൻസ്റ്റലേഷനും ഷാർജയിലുള്ള ഈ മഴമുറിയാണ്.
മുമ്പ് 2012ൽ ലണ്ടനിലും 2013ൽ ന്യൂയോർക്കിലും 2015ൽ ഷാങ്ഹായിയിലും ലോസ് ഏഞ്ചൽസിലുമൊക്കെ ഉണ്ടായിരുന്നെങ്കിലും അത് താൽക്കാലികം മാത്രമായിരുന്നു. 2018 മേയിലാണ് ഷാർജയിലെ റെയിൻ റൂം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. മുതിർന്നവർക്ക് 25 ദിർഹവും വിദ്യാർഥികൾക്കും (22 വയസ്സുവരെ-ഐ.ഡി നിർബന്ധം) അധ്യാപകർക്കും (ഐ.ഡി നിർബന്ധം) 15 ദിർഹവുമാണ് പ്രവേശന ഫീസ്. അഞ്ച് വയസ്സു വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ആഴ്ചയിൽ എല്ലാ ദിവസവും ഇവിടെ 'മഴ പെയ്യും'. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് സമയം.
വെള്ളിയാഴ്ച്ച മാത്രം വൈകീട്ട് നാല് മുതൽ പതിനൊന്ന് വരെയാണ് പ്രവർത്തനം. ഒരേസമയം ആറുപേർക്ക് വരെ 15 മിനിറ്റ് ദൈർഘ്യമുള്ള സെഷനുകൾക്ക് ടിക്കറ്റുകൾ ലഭ്യമാണ്. മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്യുന്നതാണ് നല്ലത്. സന്ദർശകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഷാർജ ഹെൽത്ത് അതോറിറ്റിയുടെ നിയന്ത്രണങ്ങളോടെയാണ് ഇപ്പോൾ റെയിൻ ഹൗസ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

