ദുബൈയിൽ 10 കി.മീറ്റർ സഞ്ചരിക്കാൻ വേണ്ടത് 13.7 മിനിറ്റ്
text_fieldsദുബൈയിലെ റോഡ്
ദുബൈ: ലോകത്തെ മുൻനിര നഗരങ്ങളെക്കാൾ മികച്ച ഗതാഗത സംവിധാനം ദുബൈയിലുണ്ടെന്ന് വ്യക്തമാക്കി ടോംടോം ട്രാഫിക് ഇൻഡക്സ്. നഗരത്തിൽ 10 കി.മീറ്റർ സഞ്ചരിക്കാൻ വേണ്ടത് 13.7 മിനിറ്റാണെന്ന് പഠനത്തിൽ പറയുന്നു. സിഡ്നി, ബെർലിൻ, റോം, മിലൻ തുടങ്ങിയ ലോകത്തെ സുപ്രധാന നഗരങ്ങളെക്കാൾ മികച്ച സ്ഥാനമാണ് സൂചികയിൽ ദുബൈ കൈവരിച്ചിരിക്കുന്നത്.
നഗരങ്ങളിലെ ഗതാഗതക്കുരുക്ക് വിലയിരുത്തുന്ന ട്രാവൽ ടൈം ഇൻഡക്സിൽ ദുബൈക്ക് 1.23 പോയന്റാണുള്ളത്. ആഗോള ശരാശരിയായ 1.3 പോയന്റിനെക്കാൾ കുറവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയതെന്നും ദുബൈ റോഡ് ഗതാഗത അതോറിറ്റി 20ാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. ഗതാഗതക്കുരുക്ക് കഴിഞ്ഞ 10 വർഷത്തിനിടെ കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
സ്മാർട്ട് സംവിധാനങ്ങളിലെ നിക്ഷേപം, പാലങ്ങൾ, റോഡുകളുടെ രൂപകൽപന എന്നിവയിലൂടെ എമിറേറ്റിലെ റോഡ് സുരക്ഷ നിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്. ഒരു ലക്ഷംപേരിൽ വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം 2006ലെ ശരാശരിയായ 21.9ൽനിന്ന് കഴിഞ്ഞവർഷം 1.8 എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ലോകത്തുതന്നെ രേഖപ്പെടുത്തിയ ഏറ്റവും വലിയ കുറവാണ് ഇക്കഴിഞ്ഞ കാലങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം പൊതുഗതാഗതം, നടത്തം, സൈക്ലിങ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതും പ്രകൃതിക്ക് ദോഷകരമായ കാർബൺ പുറന്തള്ളൽ കുറക്കുന്നതും താമസക്കാരുടെ ശരാശരി ആയുർദൈർഘ്യവും വർധിപ്പിച്ചിട്ടുണ്ട്. 2007നും 2024നും ഇടയിൽ ദുബൈയിൽ ഗതാഗത സംബന്ധമായ മരണനിരക്ക് ഏകദേശം 97 ശതമാനം കുറഞ്ഞുവെന്നും പഠനം വെളിപ്പെടുത്തുന്നു. കഴിഞ്ഞവർഷം എമിറേറ്റിലെ മരണനിരക്ക് മിലാൻ, മിയാമി, മാഞ്ചസ്റ്റർ, ടൊറന്റോ, ബെർലിൻ തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. ദുബൈയിലെ ഗതാഗത രംഗത്തുണ്ടായ മാറ്റങ്ങൾ ജീവിത നിലവാരവും മാനസികാരോഗ്യവും മെച്ചപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ യാത്രാസമയവും സുഗമമായ ഗതാഗത പ്രവാഹവും ദൈനംദിന സമ്മർദം കുറക്കാനും സഹായിക്കുന്നു.
ഗതാഗതരംഗത്തെ നിക്ഷേപങ്ങൾ നഗരത്തിലെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് പുരോഗതി അടിവരയിടുന്നുവെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. ഓരോ മിനിറ്റും ലാഭിക്കാനും ഓരോ അപകടവും തടയാനും ടൺ മലിനീകരണം കുറക്കാനും ജനങ്ങളുടെ ജീവിത നിലവാരം വർധിപ്പിക്കാനും ആർ.ടി.എക്ക് സാധിച്ചതായും ലോകത്തിലെ ഏറ്റവും സുഖകരവും ജീവിക്കാൻ കഴിയുന്നതുമായ നഗരങ്ങളിലൊന്നായി ദുബൈ മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

