ഗൾഫിൽ മഴ തോർന്നു; ദുരിതമൊഴിയുന്നു
text_fieldsദുബൈയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട്
യു.എ.ഇയിൽ പെയ്തത് 75 വർഷത്തിനിടയിലെ ശക്തമായ മഴ
ദുബൈ: തിങ്കളാഴ്ചമുതൽ വിവിധ ഗൾഫ് രാജ്യങ്ങളെ ബാധിച്ച ശക്തമായ മഴക്ക് ബുധനാഴ്ച ശമനമായി. മഴക്കെടുതി ദുരിതം വിതച്ച ഒമാനിലും 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ ലഭിച്ച യു.എ.ഇയിലും കഴിഞ്ഞദിവസം തെളിഞ്ഞ കാലാവസ്ഥയായിരുന്നു. അതേസമയം, റോഡുകളിലും താമസസ്ഥലങ്ങളിലും മറ്റു കെട്ടിടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് തുടരുകയാണ്.
ഒമാനിൽ സഹം വിലായത്തിലെ വാദിയിൽനിന്ന് ഏഷ്യൻ വംശജയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ രാജ്യത്ത് മരണസംഖ്യ 20 ആയി ഉയർന്നിട്ടുണ്ട്. യു.എ.ഇയിലെ റാസൽഖൈമയിൽ മലവെള്ളപ്പാച്ചിലിൽ ഒരു സ്വദേശി മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഖത്തറിൽ ചൊവ്വാഴ്ച സീലൈൻ കടലിൽ ഡോക്ടർ മുങ്ങിമരിച്ചിരുന്നു.
യു.എ.ഇ, ഒമാൻ, ബഹ്റൈൻ, ഖത്തറിന്റെയും സൗദിയുടെയും ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. യു.എ.ഇയിൽ സാധാരണ ഒരുവർഷം മുഴുവൻ ലഭിക്കുന്ന മഴയാണ് ഒരുദിവസം പെയ്തിറങ്ങിയതെന്ന് കാലാവസ്ഥ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് റോഡ്, ട്രെയിൻ, വ്യോമ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിട്ടുണ്ട്. ദുബൈ അടക്കമുള്ള നഗരങ്ങളിൽ ഗതാഗതം പുനഃസ്ഥാപിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും അധികൃതർ തീവ്രശ്രമം തുടരുകയാണ്. ചൊവ്വാഴ്ചത്തെ മഴയിൽ റൺവേയിൽ വെള്ളം കയറിയ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ചയും വിമാന സർവിസുകൾ മുടങ്ങി. പ്രതികൂല കാലാവസ്ഥയെതുടർന്ന് ദുബൈയിൽനിന്ന് വഴിതിരിച്ചുവിട്ട പല വിമാനങ്ങളും ഒമാനിലെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളംവഴിയാണ് സർവിസ് നടത്തിയത്.
അതേസമയം, ദുബൈ മെട്രോയിൽ യാത്ര മുടങ്ങിയവർക്ക് സൗജന്യ ബസ് സർവിസ് അധികൃതർ ഏർപ്പെടുത്തി. ദുബൈ ട്രാം സംവിധാനം ബുധനാഴ്ച പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ, ബസ് സർവിസുകൾ പലതും ബുധനാഴ്ചയും മുടങ്ങിയ സാഹചര്യമാണുള്ളത്. ദുബൈയും ഷാർജയും അടക്കമുള്ള സ്ഥലങ്ങളിൽ പഠനം ഓൺലൈനിലാക്കിയിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും അവസരം നൽകിയിരുന്നു. ഖത്തർ, സൗദി, ബഹ്റൈൻ എന്നിവിടങ്ങളിലും ബുധനാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

