കടുത്ത ചൂടാണ്; കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോവരുത്
text_fieldsവേനല്‍ക്കാലത്ത് വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോവുന്നതിന്റെ അപകടം ബോധ്യപ്പെടുത്താന്‍ അബൂദബി പൊലീസ് പങ്കുവെച്ച വിഡിയോയിൽനിന്ന്
അബൂദബി: കടുത്ത ചൂടില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകരുതെന്ന കര്‍ശന നിര്‍ദേശവുമായി അബൂദബി പൊലീസ്. കടയില്‍ പോകുന്നതിനും മറ്റുമായി അല്പനേരത്തേക്കാണെങ്കില്പോലും മാതാപിതാക്കള്‍ കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കുന്നത് വന്‍ അപകടങ്ങൾക്ക് വഴിവെക്കും.
വേനല്‍ക്കാലത്ത് ചൂടായിക്കിടക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോവുന്നതിന്റെ അപകടം ബോധ്യപ്പെടുത്താന്‍ അബൂദബി പൊലീസ് വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ഉറങ്ങുന്ന കുട്ടിയെ കാറില്‍ തനിച്ചാക്കി ഷോപ്പിങ് മാളിലേക്ക് കയറിപ്പോവുന്ന പിതാവിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
ഇങ്ങനെ കാറിനുള്ളില്‍ അടക്കപ്പെടുന്ന കുട്ടികളുടെ ഇടപെടൽ മൂലം കാര്‍ മുന്നോട്ടുനീങ്ങി അപകടത്തിൽപെടാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ വാഹനത്തിനുള്ളിലെ ചൂടുമൂലം അവര്‍ക്ക് ശ്വാസമെടുക്കാനാവാതെ മരണം വരെ സംഭവിക്കാനും ഇടയുണ്ട്. മോഷ്ടാക്കളും ഇത്തരം സാഹചര്യങ്ങളെ മുതലെടുത്തേക്കാം.
കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പോകുന്ന മാതാപിതാക്കൾക്ക് പത്തുലക്ഷം ദിര്‍ഹം പിഴയും പത്തുവര്‍ഷം തടവും ശിക്ഷ ലഭിച്ചേക്കുമെന്നും പൊലീസ് വ്യക്തമാക്കി.കുട്ടികളെ അപകടങ്ങളില്‍ നിന്നു കാക്കുന്നതില്‍ മാതാപിതാക്കള്‍ക്കു നിര്‍ണായക ഉത്തരവാദിത്തമാണുള്ളത്
. അധികം ചൂടില്ലാത്ത ദിവസമാണെങ്കില്കൂടി വാഹനത്തില്‍ അടച്ചിടപ്പെടുന്ന കുട്ടികള്‍ക്ക് ഉള്ളില്‍ അനുഭവപ്പെടുന്ന ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നേക്കും. ഇതവരുടെ ജീവൻ അപായത്തിലാകുന്നതിന് വരെ കാരണമാകുമെന്നും പൊലീസ് പറഞ്ഞു.
ദുബൈ പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2020ല്‍ മാത്രം 53 കുട്ടികളെയാണ് ഇങ്ങനെ കാറുകളില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പോയത്. 2021ലെ ആദ്യ ഏഴുമാസത്തിനിടെ 39 കുട്ടികളെയാണ് അടച്ചിട്ട കാറുകളില്‍ നിന്ന് രക്ഷിച്ചത്.
2019ല്‍ ദുബൈ സ്കൂളില്‍ ആറുവയസ്സുകാരന് സ്കൂള്‍ ബസില്‍ അകപ്പെട്ടത് ശ്രദ്ധിക്കാതെ പോയതോടെ നഷ്ടപ്പെട്ടത് കുട്ടിയുടെ ജീവനായിരുന്നു. ഇതേവര്‍ഷം തന്നെ ഷാര്‍ജയില്‍ പിതാവ് കാറില്‍ അടച്ചിട്ടുപോയ രണ്ടുവയസ്സുകാരന് സൂര്യാതപമേറ്റു. അബൂദബിയില്‍ ഒന്നും മൂന്നും വയസ്സുള്ള കുട്ടികള്‍ കാറിനുള്ളിൽ അകപ്പെട്ട് മരിച്ചതും ഇതേ വര്‍ഷമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

