സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നത് ശരിയല്ല -നിവിൻ പോളി
text_fieldsസർവ്വംമായ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ നടൻ നിവിൻ പോളി സംസാരിക്കുന്നു
ദുബൈ: സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്ന രീതിയോട് യോജിപ്പില്ലെന്ന് നടൻ നിവിൻ പോളി. പുതിയ ചിത്രമായ സർവ്വംമായയുടെ റിലീസിനോടനുബന്ധിച്ച് ദുബൈയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും ലാഭവും നഷ്ടവുമുണ്ടാകും. അതൊന്നും പരസ്യമായി പുറത്തുവിട്ട് കാണാറില്ല. പക്ഷെ, മലയാള സിനിമ വ്യവസായ മേഖലയിൽ കണക്കുകൾ പുറത്തുവിടുന്നത് എന്തിനാണെന്ന് മനസിലായില്ല. അത് ഒഴിവാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഒരുമിച്ച് ഒരു കൂട്ടായ്മയെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ഇത്തരം രീതികൾ നിക്ഷേപകരെ ആകർഷിക്കുന്നത് തടയും. എല്ലാവരും ചേർന്ന് നല്ല സിനിമകൾ നിർമിക്കാൻ ശ്രമിക്കുന്നതാകും നല്ലതെന്നും നിവിൻ അഭിപ്രായപ്പെട്ടു.
കുടുംബത്തോടൊപ്പം ഇരുന്ന് കാണാൻ കഴിയുന്ന ഒരു ഫീൽഗുഡ് സിനിമക്കായി കാത്തിരിക്കുകയായിരുന്നു. സർവ്വം മായ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷം. എല്ലാ അഭിനേതാക്കളുടെയും കരിയറിൽ ഉയർച്ച താഴ്ചകളുണ്ടാകും. തന്നെ സംബന്ധിച്ച് കരിയറിന്‍റെ തുടക്കത്തിൽ നല്ല വിജയങ്ങളുണ്ടായി. പിന്നീട് പരാജയങ്ങളും. വിമർശനങ്ങളെ മുഖവിലക്കെടുക്കും. ആക്ഷൻ ഹീറോ ബിജുവിന്‍റെ രണ്ടാം ഭാഗം ആലോചനയിലാണ്. ചില ആശയക്കുഴപ്പങ്ങൾ നീങ്ങിയാൽ അത് യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
പൊളിറ്റിക്കൽ കറക്ടനസ് എന്നത് നല്ലകാര്യമാണെന്ന് സംവിധായകൻ അഖിൽ സത്യൻ പറഞ്ഞു. പക്ഷെ, അത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് ചട്ടക്കൂടാണ്. കഥാപാത്രങ്ങൾ മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കുന്ന രീതിയിലേക്ക് അത് മാറും. അത് സിനിമയെ ബാധിക്കുമെന്ന് അഖിൽ പറഞ്ഞു. നടൻ റിയ ഷിബു, നിർമാതാക്കളിൽ ഒരാളായ രാജീവ്, കണ്ണൻ രവി എന്നിവരും വാർത്ത സമ്മേളത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

