ഇസ്രായേൽ വിദേശകാര്യമന്ത്രി അബൂദബിയിൽ
text_fieldsഇസ്രായേൽ വിദേശകാര്യമന്ത്രി ഗീഥോവൻ സാറും യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഹസ്തദാനം ചെയ്യുന്നു
അബൂദബി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗീഥോവൻ സാർ അബൂദബിയിലെത്തി യു.എ.ഇ വിദേകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ബന്ദികളെ വിട്ടുനൽകി ഗസ്സയിൽ വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കാനുള്ള സാധ്യതകളെ കുറിച്ചായിരുന്നു പ്രധാന ചർച്ചയെന്ന് യു.എ.ഇ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
സംഘർഷം വ്യാപിക്കാതിരിക്കാനും ഗസ്സ നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഏതുതരം നയതന്ത്ര ഇടപെടലുകൾക്കും യു.എ.ഇ സന്നദ്ധമാണെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാര ഫോർമുലയിൽ ഊന്നി ഇരുപക്ഷവും ചർച്ചകൾ സജീവമാക്കണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രി ചർച്ചയിൽ ആവശ്യപ്പെട്ടു.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷവും അക്രമവും അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. മേഖലയിൽ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനൊപ്പം മാന്യമായ ജീവിതം നയിക്കാനുള്ള ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായുള്ള പരിശ്രമങ്ങളിൽ അന്താരാഷ്ട്ര സമൂഹം പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മനുഷ്യത്വരഹിതമായ സാഹചര്യങ്ങളാണ് ഗസ്സയിലെ ഫലസ്തീൻ ജനത നേരിടുന്നത്. ഗസ്സയിൽ സുരക്ഷിതവും സുസ്ഥിരവുമായ അടിയന്തര മാനുഷിക സഹായം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടത് അത്യാവശ്യമാണ്. ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന സമീപനമാണ് എക്കാലവും യു.എ.ഇ എടുത്തിട്ടുള്ളത്. അവരുടെ സ്വയംനിർണയ അവകാശത്തെയും പിന്തുണക്കുന്നതിന് യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

