ഇസ്രായേൽ ആക്രമണം: ഖത്തറിന് പിന്തുണ ആവർത്തിച്ച് യു.എ.ഇ
text_fieldsഡോ. അൻവർ മുഹമ്മദ് ഗർഗാഷ്
ദുബൈ: ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യംവെച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖത്തറിന് പൂർണപിന്തുണ ആവർത്തിച്ച് യു.എ.ഇ. യു.എ.ഇയുടെ നിലപാട് തത്വാധിഷ്ഠിതവും പതിറ്റാണ്ടുകളായി വെല്ലുവിളികളിലൂടെയും പ്രതിസന്ധികളിലൂടെയും ഗൾഫ് രാജ്യങ്ങൾ പരസ്പരം പങ്കുവെച്ച പിന്തുണയിൽനിന്ന് ഉരുത്തിരിഞ്ഞതുമാണെന്ന് എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു.
ഗൾഫ് സഹകരണ കൗൺസിലിലും ദോഹയിൽ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിയിലും മുഴുവൻ രാജ്യങ്ങളും ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. വെല്ലുവിളികളിൽ ഖത്തർ ഒരിക്കലും ഒറ്റപ്പെടില്ലെന്നും ഇസ്രായേലിന്‍റെ വഞ്ചനപരമായ ആക്രമണം ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തെ ശക്തിപ്പെടുത്തുമെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളെ ഇസ്രായേലിന്‍റെ കാടത്തനിയമത്തിന് ഒരിക്കലും നിയന്ത്രിക്കാനാവില്ലെന്നും അൻവർ ഗർഗാഷ് പറഞ്ഞു.
ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത പ്രതിരോധ കരാർ സജീവമാക്കുമെന്നാണ് അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ സമാപനത്തിൽ ഗൾഫ് രാജ്യങ്ങൾ പ്രതിജ്ഞയെടുത്തിരിക്കുന്നത്. അതേസമയം, ദോഹ ആക്രമണത്തിന് പിന്നാലെ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഖത്തറിലെത്തി നേരിട്ട് പിന്തുണ അറിയിച്ചിരുന്നു. കൂടാതെ യു.എ.ഇയിലെ ഇസ്രായേൽ ഡെപ്യൂട്ടി അംബാസഡറെ യു.എ.ഇ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

