ഇസ്രായേൽ-ഇറാൻ സംഘർഷം; നിരവധി വിമാനങ്ങൾ റദ്ദാക്കി
text_fieldsദുബൈ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാതകൾ അടച്ചതോടെ യു.എ.ഇയിൽനിന്നുള്ള നിരവധി വിമാന സർവിസുകൾ റദ്ദാക്കി.ഇറാഖ്, ജോർഡൻ, ലബനാൻ, ഇറാൻ, റഷ്യ, അസർബൈജാൻ, ജോർജിയ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളതും തിരിച്ചുമുള്ള സർവിസുകളാണ് റദ്ദാക്കിയത്. എമിറേറ്റ്സ്, ഫ്ലൈ ദുബൈ, ഇത്തിഹാദ്, എയർ അറേബ്യ എന്നിവയുടെ സർവിസുകൾ റദ്ദായവയിൽ ഉൾപ്പെടും. യാത്ര തടസ്സം ഒഴിവാക്കാൻ ശ്രമിക്കുന്നതായും വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുമ്പ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ അപ്ഡേറ്റുകൾ അറിഞ്ഞിരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ചില രാജ്യങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാൽ എല്ലാ യാത്രക്കാരും അവരുടെ വിമാന സർവിസ് അപ്ഡേറ്റുകൾ പതിവായി പരിശോധിക്കണമെന്ന് ഷാർജ വിമാനത്താവളം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടുകയും വിമാനത്തിന്റെ സ്റ്റാറ്റസ് സ്ഥിരീകരിക്കുകയും വേണം. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സുരക്ഷയുടെയും സേവനത്തിന്റെയും ഉയർന്ന നിലവാരം നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും നടപ്പിലാക്കുന്നുണ്ടെന്നും ഷാർജ വിമാനത്താവളം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

