െഎസൊലേഷൻ സൗകര്യമൊരുക്കാൻ സജ സജ്ജമാകുന്നു
text_fieldsഷാർജ: കോവിഡ് ബാധിതർക്ക് ഐസൊലേഷൻ സഹായം ലഭ്യമാക്കാനായി ഷാർജ പൊലീസും ആരോഗ്യ മന്ത്രാലയവും ഏറ്റെടുത്ത സജ വ്യവസായ മേഖലയിലെ കെട്ടിടത്തിലെ ശുചീകരണ പ്രവൃത്തി പൂർത്തിയായി. 15ഓളം മലയാളി സംഘടനകൾ ചേർന്നാണ് അഞ്ചു നിലകളിലായി 350 മുറികളുള്ള കെട്ടിടം വെള്ളിയാഴ്ച വൃത്തിയാക്കിയത്. മാലിന്യ നിർമാർജനം ഉൾപ്പെടെ സൗകര്യങ്ങൾ സജ്ജമാക്കുന്ന ദൗത്യം ഷാർജയുടെ ബിയാ കമ്പനിയാണ് പൂർത്തിയാക്കുക. ഒരു മുറിയിൽ രണ്ടുമുതൽ മൂന്നു പേരെ വരെ പാർപ്പിക്കാനാകും. ആയിരം പേർക്കാണ് തുടക്കത്തിൽ പ്രയോജനപ്പെടുക.
രോഗികൾക്ക് ആവശ്യമായ കട്ടിൽ, മെത്ത, പുതപ്പ് തുടങ്ങിയവയെല്ലാം ഷാർജ ഇന്ത്യൻ അസോസിയേഷൻ നൽകും. അസോസിയേഷൻ തന്നെയാണ് ശുചീകരണത്തിന് ചുക്കാൻ പിടിച്ചത്. ബിയായുടെ ദൗത്യം പൂർത്തിയാകുന്നതോടെ കെട്ടിടം പൂർണമായും ആരോഗ്യ മന്ത്രാലയം ഏറ്റെടുത്ത് ഐസൊലേഷൻ സംവിധാനങ്ങൾ പൂർത്തീകരിക്കും. മന്ത്രാലയം നിർദേശിക്കുന്ന രോഗികൾക്കായിരിക്കും ഇവിടെ പ്രവേശനം അനുവദിക്കുക. പ്രദേശമാകെ ഷാർജ പൊലീസിെൻറ നിരീക്ഷണത്തിലായിരിക്കും. ഇതിനായി അത്യാധുനിക കാമറ ശൃംഖലയും ഒരുക്കും. ഷാർജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിക്കുകയും ഒരുക്കം വിലയിരുത്തുകയും സന്നദ്ധ പ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും എല്ലാ കാര്യങ്ങൾക്കും മുൻനിരയിൽ തന്നെയുണ്ട്. ഈ ആഴ്ചയിൽ തന്നെ വാർഡ് പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.