ഇസ്ലാഹി സെന്റര്‍ ‘മവദ്ദ’ ഫാമിലി കോണ്‍ക്ലേവ്
text_fieldsഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘മവദ്ദ’ ഫാമിലി കോണ്‍ക്ലേവ് ചടങ്ങ്
ദുബൈ: സുരക്ഷിതമായ സാമൂഹികക്രമത്തിന്റെ നിലനിൽപിന് ഭദ്രതയും കെട്ടുറപ്പുമുള്ള കുടുംബ വ്യവസ്ഥിതി അനിവാര്യമാണെന്ന് അഡ്വ. ഹാരിസ് ബീരാന് എം.പി പ്രസ്താവിച്ചു. യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസ് അല്‍മനാര്‍ സെന്ററില്‍ സംഘടിപ്പിച്ച ‘മവദ്ദ’ ഫാമിലി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലിശമായ കാരണങ്ങളാല്‍പോലും ബന്ധങ്ങള്‍ ശിഥിലമാവുകയും വിവാഹമോചനങ്ങള്‍ വർധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് സമന്വയ വിദ്യാഭ്യാസവും സമ്പൂർണമായ കുടുംബ വ്യവസ്ഥിതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും പുതുതലമുറക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ. ഹുസൈന് ഫുജൈറ സ്വാഗതവും ട്രഷറര്‍ വി.കെ. സകരിയ്യ നന്ദിയും പറഞ്ഞു.ട്രെയിനറും മോട്ടിവേറ്ററുമായ മുഹമ്മദ് അമീര്‍ പ്രമേയം വിശദീകരിച്ചു. ‘റഹ്മ’ എന്ന വിഷയത്തില്‍ മമ്മൂട്ടി മൗലവി വയനാട്, ‘സകീന’ എന്ന വിഷയത്തിൽ മൗലവി അബ്ദുസ്സലാം മോങ്ങം എന്നിവരും സംസാരിച്ചു.
മോഡറേറ്റര്‍ അഷ്കര്‍ നിലമ്പൂര്‍ പാനല്‍ ചര്‍ച്ച നിയന്ത്രിച്ചു. അൽമനാർ യൂത്ത് വിങ് തുടങ്ങുന്ന ഇൽമ് ക്ലാസിന്റെ ലോഗോയും ഖുർആൻ വിജ്ഞാന പരീക്ഷയുടെ പോസ്റ്ററും ഹാരിസ് ബീരാൻ എം.പി പുറത്തിറക്കി.ഡെന്മാര്ക്കില്വെച്ചു നടന്ന ലോക അയേണ്‍മാന്‍ മത്സരത്തില്‍ മെഡല്‍ നേടിയ അല്‍മനാര്‍ സ്കൂള്‍ പ്രിന്‍സിപ്പൽ അബ്ദുസ്സമീഹ് ആലുവയെ ചടങ്ങില്‍ അനുമോദിച്ചു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഫാമിലി കാമ്പയിന് നടക്കുമെന്നും വിവിധ ഭാഗങ്ങളിലായി ടീന്‍സ് മീറ്റുകള്‍, പ്രീ-മാരിറ്റല്‍ ക്ലാസുകള്‍, കപ്പ്ള്‍സ് മീറ്റുകള്‍, ഷി സമ്മിറ്റ്, പാരന്റിങ് വര്‍ക്ക്ഷോപ് തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഹുസൈന് കക്കാട്, മുഹമ്മദലി പാറക്കടവ്, അബ്ദുല്‍ വാഹിദ് മയ്യേരി, മുജീബ് എക്സെല്‍, ഫിറോസ് എളയേടത്ത് തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

