ഐ.എസ്.സി ഫുജൈറ ഭാരവാഹികള്‍ ചുമതലയേറ്റു
text_fieldsഐ.എസ്.സി ഫുജൈറ ഭാരവാഹികള്‍ ചുമതലയേൽക്കുന്ന ചടങ്ങ്
ഫുജൈറ: ഇന്ത്യൻ സോഷ്യല്‍ ക്ലബ് 2023-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഐ.എസ്.സി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മുൻ പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ചടങ്ങിന് നേതൃത്വം നല്കി. ഫുജൈറ പ്രവിശ്യയിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫുജൈറയിലെ ഗവ. അംഗീകൃത ഏക ഇന്ത്യന്‍ അസോസിയേഷനായി പരിഗണിക്കപ്പെടുന്ന ഇന്ത്യൻ സോഷ്യല്‍ ക്ലബ് കിഴക്കൻ പ്രവിശ്യയിലെ പ്രമുഖമായ പ്രവാസി സംഘടനയാണ്. ഡോ. പുത്തൂർ റഹ്മാൻ അഡ്വൈസറായ കമ്മിറ്റിയിൽ അഡ്വ. നാസിറുദ്ദീൻ, പ്രദീപ് കുമാർ, വി.എം. സിറാജുദ്ദീൻ എന്നിവർ യഥാക്രമം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വൈസ് പ്രസിഡന്റായി സഞ്ജീവ് മേനോൻ, കോൺസുലാർ സെക്രട്ടറിയായി അശോക് മൂൽചന്ദാനി, കൾചറൽ സെക്രട്ടറിയായി വി.എസ്. സുഭാഷ്, സ്പോർട്സ് സെക്രട്ടറിയായി ജോജി മണ്ഡപത്തിൽ, പി.ആർ.ഒയായി അബ്ദുൽ മനാഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സഹ ഭാരവാഹികളായി സന്തോഷ് കെ. മത്തായി (ജോ. ജനറൽ സെക്രട്ടറി), അബ്ദുൽ ജലീൽ (ജോ. ജനറൽ സെക്രട്ടറി), സുഭഗൻ തങ്കപ്പൻ (ജോ. കോൺസുലർ സെക്രട്ടറി), അബ്ദുല്ല കൊടപ്പന (ജോ. സ്പോർട്സ് സെക്രട്ടറി), ഇസ്ഹാഖ് പാലാഴി (ജോ. സ്പോർട്സ് സെക്രട്ടറി), അനീഷ് ആന്റണി (ജോ. കൾചറൽ സെക്രട്ടറി), അഡ്വ. മുഹമ്മദലി (ജോ. കൾചറൽ സെക്രട്ടറി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

