പൈതൃക സംരക്ഷകർക്ക് ‘ഇർദ് ദുബൈ’ അവാർഡ്
text_fieldsദുബൈ: എമിറേറ്റിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിൽ മികവ് പുലർത്തുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനായി ‘ഇർദ് ദുബൈ’ അവാർഡ് പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ആഗോളതലത്തിൽ നൽകുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണിത്. ഇർദ് ദുബൈ സംരംഭങ്ങൾക്ക് കീഴിലാണ് അവാർഡ് പരിപാടി സംഘടിപ്പിക്കുക.
ഇമാറാത്തി അസ്തിത്വത്തിന്റെ സമ്പന്നത ഉൾക്കൊള്ളുന്ന കഥകൾ എടുത്തുകാണിക്കുന്നതിനൊപ്പം ഭാവി തലമുറകൾക്കായി ദുബൈയുടെ പൈതൃകം സംരക്ഷിക്കുക എന്നതാണ് അവാർഡിന്റെ ലക്ഷ്യം.
രാജ്യത്തിന്റെ വികസനവും മികവും രൂപപ്പെടുത്തുന്നതിൽ എമിറേറ്റിന്റെ സമ്പന്നമായ ചരിത്രത്തിനും സാംസ്കാരികമായ പൈതൃകത്തിനും നിർണായകമായ പങ്കുണ്ടെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. 50 ലക്ഷം ദിർഹമാണ് സമ്മാനങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. ഏറ്റവും മികച്ച എൻട്രിക്ക് 10 ലക്ഷം ദിർഹമാണ് സമ്മാനം. ഉപവിഭാഗങ്ങൾക്ക് അഞ്ചു ലക്ഷം ദിർഹം വീതം സമ്മാനമായി ലഭിക്കും.
കമ്യൂണിറ്റി, സർക്കാർ-സ്വകാര്യ മേഖല എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്കാരം സമ്മാനിക്കുക. കുടുംബത്തിന്റെ പൈതൃകം രേഖപ്പെടുത്തുന്ന മികച്ച കഥ, ദുബൈയുടെ വാമൊഴി പാരമ്പര്യം, ക്രിയാത്മകമായ മികച്ച ഡോക്യൂമെന്റ് സ്റ്റോറി, സമൂഹ മാധ്യമങ്ങളിൽ നൽകിയ മികച്ച സ്റ്റോറി, മികച്ച ദുബൈ റസിഡന്റ് സ്റ്റോറി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാണ് കമ്യൂണിറ്റി അവാർഡിൽ ഉൾപ്പെടുക. സർക്കാർ സ്ഥാപനങ്ങൾക്കുള്ള അവാർഡ്, സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള അവാർഡ് എന്നിവയാണ് സർക്കാർ-സ്വകാര്യ മേഖലയിലുള്ള പുസ്കാരങ്ങൾ. https://erthdubai.ae എന്ന വെബ്സൈറ്റ് വഴിയോ ഇർദ് ദുബൈ ആപ് വഴിയോ അപേക്ഷ സമർപ്പിക്കാം. 2026 ജനുവരി 15 വരെ എൻട്രികൾ സ്വീകരിക്കും. അടുത്ത വർഷം ആദ്യപാദത്തിലായിരിക്കും പുരസ്കാര ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

