ഇറാൻ ആക്രമണം: തെളിവ് ശേഖരിക്കാൻ ദേശീയ സമിതിക്ക് രൂപം നൽകി യു.എ.ഇ
text_fieldsദുബൈ: മേഖലയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളും അതുണ്ടാക്കിയ നാശനഷ്ടങ്ങളും നിയമപരമായി രേഖപ്പെടുത്താൻ ദേശീയ സമിതിക്ക് രൂപം നൽകി യു.എ.ഇ. രാജ്യത്തെ നിയമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും അനുസരിച്ച് വിശ്വസനീയമായ രീതിയിൽ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. യു.എ.ഇ അറ്റോർണി ജനറലായിരിക്കും സമിതി അധ്യക്ഷൻ. യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ ദേശീയ സമിതി രൂപവത്കരിക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്.
ഇറാന്‍റെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങൾ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളേയും പൗരൻമാർ, താമസക്കാർ, സന്ദർശകർ എന്നിവരേയും എത്രമാത്രം ബാധിച്ചുവെന്ന് വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായി രേഖപ്പെടുത്തുകയാണ് സമിതിയുടെ ചുമതല. ഇതിനായി ഏത് ദേശീയ, അന്തർദേശീയ വിദഗ്ധരുടെയും സഹായം തേടാൻ സമിതിക്ക് അധികാരമുണ്ടാകും. കൂടാതെ ഇറാന്‍റെ ഭാഗത്തു നിന്നുണ്ടാകുന്ന എല്ലാ ആക്രമണങ്ങളും സൈനിക നടപടികളും നിരീക്ഷിക്കാനും രേഖപ്പെടുത്താനുമുള്ള വിശാലമായ അധികാരങ്ങളും സമിതിക്ക് നൽകിയിട്ടുണ്ട്.
രാജ്യത്തെ പ്രധാന മന്ത്രാലയങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളായിരിക്കും. തെളിവുകളുടെ സമഗ്രത ഉറപ്പുവരുത്താൻ സാമ്പത്തിക, സാങ്കേതിക, സുരക്ഷ, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെയും സമിതിയിൽ ഉൾപ്പെടുത്തും. ഭരണഘടന വ്യവസ്ഥകൾ, രാജ്യാന്തര കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്നതിന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ, നിയമങ്ങൾ എന്നിവ പാലിക്കാൻ സമിതി ബാധ്യസ്ഥമാണ്.
സംഭവങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ വിവരണം ഉറപ്പാക്കുന്നതിനായി ആക്രമണങ്ങളുടെ സ്വഭാവം, സമയം, സാഹചര്യങ്ങൾ എന്നിവ സൂക്ഷ്മതയോടെ വിലയിരുത്തണം. കൂടാതെ, അംഗീകൃതമായ സാങ്കേതിക രീതികൾ ഉപയോഗിച്ച് ആക്രമണങ്ങളെ തുടർന്നുണ്ടായ സാമ്പത്തികവും മാനുഷികവും ഭൗതികവുമായ നാശനഷ്ടങ്ങൾ കണ്ടെത്തുകയും വിലയിരുത്തുകയും ചെയ്യണം.
വിശ്വസനീയവും ഔദ്യോഗികവുമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താനുള്ള ചുമതലയും സമിതിക്കാണ്. രേഖകളുടെ സമഗ്രത ഉറപ്പാക്കുന്നതിനും കൃത്രിമത്വം തടയുന്നതിനും ഭൗതികവും ഡിജിറ്റലുമായ തെളിവുകൾ ശരിയായ രീതിയിൽ സൂക്ഷിക്കുന്നതിനും നൂതന സാങ്കേതിക സംവിധാനങ്ങളിലൂടെയായിരിക്കും ഡാറ്റാബേസ് കൈകാര്യം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

