സുസ്ഥിര സംരംഭങ്ങൾക്ക് എക്സ്പോ സിറ്റിയിലേക്ക് ക്ഷണം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: സുസ്ഥിരത ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംരംഭങ്ങളെ എക്സ്പോ സിറ്റിയിലേക്ക് സ്വാഗതം ചെയ്ത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. എക്സ്പോ 2020 വിശ്വമേളക്ക് വേണ്ടി ദുബൈ തിരഞ്ഞെടുക്കപ്പെട്ടതിന്റെ 10ാം വാർഷികത്തിലാണ് മേളക്ക് ശേഷം നഗരമായി പരിണമിച്ച എക്സ്പോ സിറ്റിയിലേക്ക് പരിസ്ഥിതി സൗഹൃദ സംരംഭങ്ങളെ സ്വാഗതം ചെയ്തത്. എക്സ്പോ സിറ്റി ഫ്രീസോൺ ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, നൂതനാശയക്കാർ, സർഗാത്മ സംരംഭങ്ങൾ എന്നിവയുടെ കേന്ദ്രമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അസുലഭമായ മുഹൂർത്തത്തിൽ എക്സ്പോ സിറ്റിയുടെ വിഷൻ പ്രഖ്യാപിക്കുകയാണ്. അതിന്റെ നെടുന്തൂൺ സുസ്ഥിരതയാണ്. ശരിയായ പങ്കാളിത്തത്തിനും സുസ്ഥിരതക്കും ആഗ്രഹിക്കുന്ന കമ്പനികളുടെ കേന്ദ്രമായിത്തീരുമത്. എല്ലാവർക്കും മികച്ച ഭാവി പ്രദാനം ചെയ്യുന്നതിനായി നിർമിച്ച എക്സ്പോ സിറ്റി ദുബൈക്കൊപ്പം ചേരാൻ, സുസ്ഥിരതക്കായി പ്രതിജ്ഞാബദ്ധരായ എല്ലാവരെയും ഞങ്ങൾ ക്ഷണിക്കുകയാണ് -എക്സിൽ ശൈഖ് മുഹമ്മദ് പറഞ്ഞു.
പത്തുവർഷം മുമ്പ് ലോകം ദുബൈയെയും യു.എ.ഇയെയും രാജ്യങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന എക്സ്പോ 2020 വിശ്വസിച്ചേൽപിച്ചതാണെന്നും അതിനുശേഷം മികച്ച ഭാവിക്ക് വേണ്ടിയുള്ള പരിശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരിക്കൽ കൂടി കോപ് 28നുവേണ്ടി എക്സ്പോ സിറ്റിയിൽ ഒരുമിച്ചു കൂടിയതും പരാമർശിച്ചു.
45,000 ചതുരശ്ര മീറ്റർ പൂന്തോട്ടങ്ങളും പാർക്കുകളും ഉൾക്കൊള്ളുന്ന പരസ്പരബന്ധിതമായ കെട്ടിട സമുച്ചയങ്ങളും കാൽനടപ്പാതകളും ഉൾപ്പെടുന്ന പരിസ്ഥിതി സൗഹൃദ നഗരഘടനയാണ് സിറ്റിക്കുള്ളത്.
മാത്രമല്ല, ഭാവിയുടെ നഗരമായി വളരുന്ന ദുബൈയിലെ എക്സ്പോ സിറ്റി പൂർണമായി പുനരുപയോഗ ഊർജമായ സൗരോർജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്. ഇതിനായി ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പാർക്കിൽനിന്ന് ഒരു ലക്ഷം മെഗാവാട്സ് വൈദ്യുതി നൽകാൻ എക്സ്പോ സിറ്റിയും ദുബൈ വൈദ്യുതി, ജല വകുപ്പും (ദീവ) ധാരണയിലെത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

