നിക്ഷേപകർക്ക് സന്തോഷം; ലാഭത്തിൽ വൻ കുതിപ്പുമായി സാലിക്
text_fieldsദുബൈയിലെ സാലിക് ഗേറ്റുകളിൽ ഒന്ന്
ദുബൈ: എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്ററായ സാലിക്കിന് ലാഭത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കമ്പനി നേടിയത് 8.22 കോടി ദിർഹം. എട്ട് കോടി ദിർഹമായിരുന്നു കഴിഞ്ഞ വർഷത്തെ ലാഭം. വരുമാനത്തിലും ഇത്തവണ വൻ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം ഇതുവരെ 164 കോടി ദിർഹമാണ് കമ്പനിയുടെ വരുമാനം. കഴിഞ്ഞ വർഷം ഇത് 154 കോടി ദിർഹമായിരുന്നു. സാലിക് ഓഹരി നിക്ഷേപകർക്ക് ഇതിന്റെ ഗുണം ലഭിക്കും. രണ്ട് ടോൾ ഗേറ്റുകൾ കൂടി ഈ മാസം അവസാനത്തോടെ പ്രവർത്തന ക്ഷമമാകുന്നതോടെ അടുത്ത വർഷം ആദ്യ പാദത്തിൽ കമ്പനിയുടെ ലാഭത്തിൽ വീണ്ടും വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. നവംബർ 24നാണ് രണ്ട് ടോൾ ഗേറ്റുകൾ പ്രവർത്തനമാരംഭിക്കുക.
അൽ ഖൈൽ റോഡിലെ തിരക്കേറിയ റൂട്ടുകളായ ബിസിനസ് ബേ ക്രോസിങ്, ശൈഖ് സായിദ് റോഡിലെ അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് പുതിയ സാലിക് ടോൾ ഗേറ്റുകൾ വരുന്നത്. അടുത്ത വർഷം ലാഭത്തിൽ 24 -25 ശതമാനത്തിന്റെ വർധനയാണ് പുതിയ ടോൾ ഗേറ്റിലൂടെ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ജൂലൈ മുതൽ ദുബൈ മാളിലും സാലിക് പെയ്ഡ് പാർക്കിങ് ഗേറ്റുകൾ പ്രവർത്തനക്ഷമമായിട്ടുണ്ട്. മൂന്നാം പാദത്തിൽ കൂടുതൽ ഇടങ്ങളിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി. ഇമാർ പ്രോപ്പർട്ടീസിന്റെ എല്ലാ മാളുകളിലും പെയ്ഡ് പാർക്കിങ് നിയന്ത്രണം സാലിക്കിനാണ്. നിലവിൽ പെയ്ഡ് പാർക്കിങ് വഴിയുള്ള സാലിക്കിന്റെ വരുമാനം ഇതു വരെ 25.7 ലക്ഷം ദിർഹമാണ്.

